സന്തോഷ് കീഴാറ്റൂര്‍ എന്ന മുനിഞ്ഞുകത്തുന്ന പെണ്‍നടന്‍

‘ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍’
-കുമാരനാശാന്‍-

വീണപൂവിലെ ഈ വരികളിലെ ‘പാരിങ്കലേതുപമ?’ എന്നത് അന്വര്‍ത്ഥമാക്കുന്ന തരളിതയോടെയാണ് മലയാളത്തിന്റെ പ്രിയനടന്‍ കൂടിയായ സന്തോഷ് കീഴാറ്റൂര്‍ അദ്ദേഹത്തിന്റെ ഏകാങ്ക നാടകമായ പെണ്‍നടനെ സിഡ്നിയിലെ വേദിയില്‍ ഒരുപറ്റം മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. കുമാരനാശാന്റെ കാവ്യഭാവനകളെ പ്രേക്ഷക മനസ്സിലേക്ക് ആഴത്തില്‍ കോറിയിടാന്‍ പോന്നതായിരുന്നു ലിവര്‍പൂളിലെ പവര്‍ഹൗസ് ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച പെണ്‍നടന്‍ എന്ന ഏകാങ്ക നാടകം. മലയാളികളുടെ നാടകശീലങ്ങളിലെ പെണ്‍കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഓച്ചിറ വേലുക്കുട്ടിയാശാന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്നതായി നാടകവും, ഒപ്പം നവോദയയുടെ ദേശീയസമ്മേളനത്തിന്റെ ഭാഗമായ ‘അരങ്ങ്’എന്ന സാംസ്‌കാരിക സമ്മേളനവും.

”സമയമായില്ല പോലും, സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി.’ – (കരുണ, കുമാരനാശാന്‍)

അക്ഷമരായിരുന്ന മലയാള നാടക പ്രേമികളിലേക്ക് ലീലയായും, വാസവദത്ത യായും, മാതങിയായും, തോഴിയായും വേഷങ്ങള്‍ കെട്ടിയും, അഴിച്ചും, അഴിച്ചുകെട്ടിയും പകര്‍ന്നാടുമ്പോള്‍ വേലുക്കുട്ടിയാശാന്‍ അനുഭവിച്ച ആത്മസംഘര്‍ഷങ്ങള്‍ കാണികളുടെ കണ്ണുകളില്‍ തിളങ്ങുന്നു ണ്ടായിരുന്നു. ഭാഷകളുടെ അതിര്‍ വരമ്പുകള്‍ക്കപ്പുറം അഭിനയത്തിന്റെ കാണാപ്പുറങ്ങളിലേക്ക് മുന്നിലിരുന്ന വരെ കൊണ്ടുചെന്നെത്തിക്കുകയാ യിരുന്നു സന്തോഷ് കീഴാറ്റൂര്‍.

‘അഹഹ! സങ്കടാമോര്‍ത്താല്‍
മനുഷ്യ ജീവിതത്തെക്കാള്‍
മഹിയില്‍ ദയനീയമായ്
മറ്റെന്തൊന്നുള്ളു!’

  • (കരുണ, കുമാരനാശാന്‍)

നാടക ചരിത്രത്തില്‍ വേണ്ടവിധം അടയാളപ്പെടുത്താതെ പോയ ഓച്ചിറ വേലുക്കുട്ടിയെന്ന മഹാനടന്റെ തിളയ്ക്കുന്ന ആത്മസംഘര്‍ഷവും ഉള്ളില്‍പേറി അരങ്ങില്‍ ഒറ്റക്ക് മുനിഞ്ഞുകത്തുകയായിരുന്നു സന്തോഷെന്ന നടന്‍. ആത്മരതി യുടെ ഇടങ്ങളില്‍, വാസവദത്ത യായും, അനശ്വരതയുടെ ഇടങ്ങളില്‍ മാതംങിയായും അഭിലാഷത്തി ന്റെയും പ്രണയത്തിന്റെയും ഇടങ്ങളില്‍ ലീലയായും നളിനിയായും പ്രത്യക്ഷപ്പെടുന്ന ആശാന്റെ കാവ്യ സങ്കല്പങ്ങളുടെ ചാരുത ചോരാതെ അരങ്ങില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ആസ്‌ട്രേലിയയിലെ മലയാ ളികള്‍ക്ക് നവ്യാനുഭമായി. വേദികളില്‍ നിന്നും വേദികളിലേക്ക് പെണ്‍വേഷം കെട്ടിയാടി 1954 ല്‍ ആരാലും ശ്രദ്ധിക്ക പ്പെടാതെ ആന്തരിച്ചുപോയ ആ മഹാനടന്റെ / നടിയുടെ ഓര്‍മ്മകള്‍ക്ക് കാലം കാത്തുവച്ച നീതിയുടെ പേരാണ് പെണ്‍നടന്‍ എന്ന നാടകം.

കേരളത്തിലാകെ ചര്‍ച്ചചെയ്യപ്പെട്ട രജിത മധു അവതരിപ്പിച്ച ‘അബൂബക്കറിന്റെ ഉമ്മ പറയുന്നു’ എന്ന ഏകപാത്ര നാടകത്തിനു ശേഷം അഭിനയത്തിന്റെ സര്‍വ്വതലങ്ങളെയും ആഴത്തില്‍ സ്പര്‍ശിക്കുന്ന നാടകമാവുകയാണ് പെണ്‍നടന്‍. ഇതിനകം നൂറുകണക്കിന് വേദികളില്‍ നിലക്കാത്ത കൈയ്യടിനേടി തന്റെ വേഷപ്പകര്‍ച്ച ആടിത്തീര്‍ക്കുകയാണ് അഥവാ ജീവിച്ചു കാട്ടുകയാണ് സന്തോഷ് കീഴാറ്റൂര്‍.

‘ലോല മോഹനമായ് തങ്ക
പങ്കജത്തെ വെല്ലും വലം-
കാലിടത്തു തുടക്കാമ്പില്‍ കയറ്റിവച്ചും,’

  • (കരുണ, കുമാരനാശാന്‍)

ആടയാഭരണങ്ങളണിഞ്ഞ്, മുന്തിയ പട്ടുനൂലാല്‍ തുന്നിയ ചേലധരിച്ച്, ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന വശ്യതയാര്‍ന്ന ചിരിയുമായി, ഇടംതുടയില്‍ കാല്‍ കയറ്റിവച്ചിരിക്കുന്ന വാസവദത്തയില്‍ നിന്ന് സര്‍വ്വവും ഉപേക്ഷിച്ചു പടിയിറങ്ങിപ്പോകേണ്ടി വരുന്ന ഏറ്റം നിവൃത്തികെട്ട ഭര്‍ത്താവായ വേലുക്കുട്ടിയാശാനിലേക്കുള്ള നിരനിരയായ കഥാപാത്ര മാറ്റത്തിന്റെ നൈപുണ്യം ഭദ്രമായി സന്തോഷ കീഴാറ്റൂര്‍ അവതരിപ്പിച്ച് അവസാനിപ്പിക്കുമ്പോള്‍ സിഡ്നിയിലെ ഹാളില്‍ സദസ്യരോന്നാകെ എഴുന്നേറ്റുനിന്ന് സുദീര്‍ഘമായ കരഘോഷം മുഴക്കുകയായി രുന്നു, ഒപ്പം പലരെങ്കിലും കൈയ്യില്‍ കരുതിയ കൈലേസുകൊണ്ട് കണ്ണുതുടക്കുകയായിരുന്നു.

‘അനുരക്തരഹോ! ധനപതികള്‍
നിത്യമെന്‍ കാലില്‍
കനകാഭിഷേകം ചെയ്തു
തൊഴുതാല്‍പ്പോലും
കനിഞ്ഞൊരു കടാക്ഷിപ്പാന്‍
മടിക്കും കണ്ണുകള്‍ കൊച്ചു-
മുനിയെക്കാണുവാന്‍
മുട്ടിയുഴറുന്നല്ലോ.’

  • (കരുണ, കുമാരനാശാന്‍)

പ്രണയപരവശത്താല്‍ വാസവദത്ത കാട്ടിക്കൂട്ടുന്ന ചടുലമായ ചുവടുകള്‍ താങ്ങിനിര്‍ത്താന്‍ പോരു ന്നതായിരുന്നില്ല വേദിയിലെ ഉരുപ്പടികള്‍. വളരെ ധൃതിപ്പെട്ടൊരുക്കിയ നാടകത്തിന്റെ അണിയറ-പശ്ചാത്തല സംവിധാനങ്ങള്‍ പലപ്പോളും തന്റെ അഭിനയ പ്രകടനത്തിന് സാധ്യമല്ലാത്ത സ്ഥിതി വന്നപ്പോള്‍ പോലും അതിന്റെ പോരായ്മകളെ മറികടക്കും വിധമുള്ള അഭിനയചാരുത പ്രകടിപ്പിക്കാന്‍ കഴിഞ്ഞു എന്നത് സന്തോഷ് കീഴാറ്റൂര്‍ എന്ന നടനെ മലയാളിയുടെ മനസ്സില്‍ ഒരുപടി ഉയര്‍ത്തി നിര്‍ത്തുന്നു.

‘കര,ചരണ,ശ്രവണ,നാസികള്‍ മുറിച്ചു ഭൂ-
നരകമാം ചുടുകാട്ടിന്‍ നടുവില്‍ തള്ളി.’

  • (കരുണ, കുമാരനാശാന്‍)

വാസവദത്തയുടെ അവസാന നിമിഷങ്ങള്‍ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ ഈറനണിയാത്ത ഒരാളും ആ പരിസരത്തുണ്ടായിരുന്നില്ലെന്ന് നേര്‍സാക്ഷ്യങ്ങള്‍ അടയാളപ്പെടുത്തുന്നു. കൈകാലുകള്‍ വരിഞ്ഞുകെട്ടിയ വാസവദത്തയുടെ ചുടുകാട്ടിലെ കിടപ്പില്‍ മലയാളിയുടെ ഹൃദയം വേദനിക്കാതെ തരമില്ല. വിശാലമായ ആസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുവന്ന പുരോഗമന, സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകര്‍ ഒന്നടങ്കം ഈ നാടകത്തിനും അതിന്റെ നടനുമുള്ള പിന്തുണ വിളിച്ചോതുന്നതായിരുന്നു പെണ്‍നടന്റെ അവസാന രംഗങ്ങളില്‍ കാണികളാകെ എഴുന്നേറ്റുനിന്ന് അഭിനേതാവിനെ അഭിവാദ്യം ചെയ്തത്. മഴപെയ്തശേഷവും പെയ്യുന്ന മരം കണക്കെ കാണികള്‍ നടന്റെ ചുറ്റും കൂടി സ്‌നേഹാഭിവാദ്യങ്ങള്‍ കൈമാറുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോളും വേദിയില്‍ വാസവദത്ത അദൃശ്യയായ് സ്ഥാനം പിടിച്ചിരുന്നു എന്ന് വേണം കരുതാന്‍.

”വാസവദത്താ’ഖ്യയായ വാരസുന്ദരി, മഥുരാ-
വാസികളിലറിയാതില്ലിവളെയാരും.’

  • (കരുണ, കുമാരനാശാന്‍)

അതിലപ്പുറം പ്രശസ്തിയാര്‍ജ്ജിക്കുകയാണ് പെണ്‍നടനെന്ന നടനകാവ്യം. ആസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത നാടകസ്വപ്നങ്ങള്‍ നല്‍കിയാണ് അരങ്ങ് 25 അവസാനിച്ചത്. പരിമിതമായ സാഹചര്യങ്ങളില്‍, ചുരുങ്ങിയ സമയം കൊണ്ടാണ് നാടകത്തിനുള്ള സംവിധാനങ്ങള്‍ സംഘാടകര്‍ ഒരുക്കിയതെന്ന റിയുമ്പോള്‍ പ്രവാസികളായി ജീവിക്കുമ്പോളും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ എത്രത്തോളം കരുതലോടെയാണ് ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്നെന്ന് മനസ്സിലാക്കാന്‍ കഴിയും. ആസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ ഈ നാടകം അരങ്ങേറണമെന്ന് ഇതിനകം ഒട്ടേറെ ആവശ്യങ്ങളാണ് സംഘാടകരുടെ മുന്നിലേക്കെത്തിയത്. തീര്‍ച്ചയായും വരും കാലം ആസ്‌ട്രേലിയന്‍ കുടിയേറ്റ ചരിത്രത്തില്‍ വളരെ പരിമിതമായ നാടകരംഗം പുഷ്ടിപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഈ നാടകവും, സംഘാടകരും കാണികളും സാക്ഷ്യപ്പെടുത്തുന്നു.

‘ഹാ! മിഴിച്ചു നിന്നവനങ്ങമ്മഥുരയിലെ മുഖ്യ-
കാമനീയകത്തിന്‍ ഭസ്മ കദംബം കണ്ടു!’

  • (കരുണ, കുമാരനാശാന്‍)

മലയാളത്തിന്റെ മഹാകവി കുമാരനാശാന്‍ കരുണയുടെ അവസാനഭാഗം പറഞ്ഞുവച്ചതു പോലെ അഭിനയത്തിന്റെ; അനുഭവത്തിന്റെ, നടന വിസ്മയത്തിന്റെ തീവ്രതയില്‍ മലയാളത്തിന്റെ സാംസ്‌കാരിക സമൂഹമാകെ പെണ്‍നടനുമുന്നില്‍ സാകൂതം മിഴിനനച്ചു നില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *