പടം പൊളിയാണ്, മോഹിച്ചു കാണുന്നതുമാണ്, എന്നുകരുതി ഇങ്ങനെ മറവിയായാലോ

ഗുരുവായൂര്‍: സിനിമ കണ്ടേയടങ്ങൂ എന്നൊരു വാശി കയറിയാല്‍ കുട്ടിയുടെ കാര്യം കട്ടപ്പൊകയാകുമോ. നടന്നത് അതു തന്നെയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ലോക എന്ന ബ്ലോക്ക് ബസ്റ്ററിന്റെ സെക്കന്‍ഡ് ഷോ കാണാനാണ് ചാവക്കാടു നിന്നൊരു കുടുംബം ഗുരുവായൂര്‍ ദേവകി തീയറ്ററിലെത്തുന്നത്. വന്നപ്പോള്‍ അവിടെ ടിക്കറ്റ് തീര്‍ന്നുപോയിരുന്നു. അടുത്തു തന്നെയുള്ള അപ്പാസ് എന്ന തീയറ്ററിലും കളിക്കുന്നത് ലോക തന്നെ. നേരേ അങ്ങോട്ടു വച്ചുപിടിച്ചു. അവിടെ ചെന്നപ്പോള്‍ ടിക്കറ്റുണ്ട്. എടുത്തു, കയറി, പടം കാണാനും തുടങ്ങി.
ഈ സമയം മറ്റൊരു സിനിമ ദേവകിയില്‍ ഓടാന്‍ തുടങ്ങിയിരുന്നു. അത് കരയാന്‍ തുടങ്ങുന്നൊരു ഏഴുവയസുകാരന്റെ കഥയായിരുന്നു. കൂടെ വന്നവരെല്ലാം തിരക്കില്‍ ഓടിപ്പോയപ്പോള്‍ തീയറ്റര്‍ വരാന്തയില്‍ ഒറ്റയ്ക്കായ ബാലന്‍ വിങ്ങിപ്പൊട്ടി. പടം തുടങ്ങിയിട്ടും ഒരു കുട്ടി മാത്രം ലോബിയില്‍. വല്ലായ്മപ്പെട്ട അവസ്ഥയിലുള്ള നില്‍പ്. തീയറ്ററുകാര്‍ അടുത്തുവന്നു കാര്യം തിരക്കി. ചാവക്കാടു നിന്നാണു വരുന്നതെന്നും കൂടെ വന്ന ആരെയും ഇപ്പോള്‍ കാണുന്നില്ലെന്നുമൊക്കെ പറഞ്ഞപ്പോള്‍ തീയറ്റര്‍ ജീവനക്കാര്‍ക്ക് കാര്യങ്ങളുടെ പോക്കിന്റെ ഏകദേശ ഊഹം കിട്ടി. അവര്‍ ഉടന്‍ തന്നെ അപ്പാസിലേക്കു വിളിച്ച് ചാവക്കാട് നിന്നു വന്ന കുടുംബം തീയറ്ററിലുണ്ടോയെന്നു തിരക്കാന്‍ പറഞ്ഞു. അപ്പോഴേക്കും സിനിമയുടെ ഇടവേള ആകാറായിരുന്നു. അവര്‍ സിനിമ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് തീയറ്ററില്‍ ചാവക്കാടു നിന്നു വന്ന കുടുംബത്തെ തിരയാന്‍ തുടങ്ങി. ഒടുവില്‍ കണ്ടെത്തുകയും ചെയ്തു. കാര്യം മനസിലായതും എല്ലാവരും തീയറ്ററില്‍ നിന്നു ചാടിയിറങ്ങി നേരേ ദേവകിയിലേക്ക്. അവിടെ ചെന്നപ്പോഴാണ് അടുത്ത ട്വിസ്റ്റ്. കുറേ നേരമായിട്ടും ആരെയും കാണാതെ വന്നതോടെ തീയറ്ററുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു. അവര്‍ വന്ന് കുട്ടിയെ കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെ കുടംബം ഒന്നടങ്കം പോലീസ് സ്‌റ്റേഷനിലേക്ക്. അവിടെ നിന്നു കുട്ടിയെയും ഏറ്റുവാങ്ങി നേരേ വീട്ടിലേക്ക്. സിനിമയെ വെല്ലുന്ന സിനിമയാത്രക്കഥ രചിച്ചിരിക്കുകയാണ് ഈ കുടുംബം.