നമുക്ക് ഇത്തിരി നേരം നടക്കാം

മിഴി തിരുമ്മിയുണർന്നെങ്കിൽ
സന്തോഷജാലകങ്ങളും
സ്നേഹവാതായാനങ്ങളും
നമുക്ക് പാടേ തുറന്നിടാം.

എന്നിട്ട് നമ്മുടെ വഴികളിലൂടെ
ഇത്തിരി നേരം നടക്കാം.

പ്രതിച്ഛായയുടെ ഭാരമില്ലാതെ,
എല്ലാ ഉത്തരവാദിത്വങ്ങളും
നമ്മുടെ ചുമലിലാണെന്ന
സത്യമോ ധാരണയോ
കുറേ നേരത്തേക്ക് മറന്ന്,
അർത്ഥമില്ലാത്ത ജീവിതം
വ്യർത്ഥമാണെന്ന ധാരണയെ
എടുത്ത് തോട്ടിലെറിഞ്ഞ്,
ഒന്നിനും അപരൻ്റെ സഹായം
നമുക്കാവശ്യമില്ലെന്ന കപടാദർശം
വലിച്ചു ചുരുട്ടി കുഴിച്ചുമൂടി,
ഭൂതകാലക്കുളിരിലേക്കും
ഭൂതകാല നോവിലേക്കും
തിരിഞ്ഞു നോക്കാതെ,
ജീവിതത്തെ നമ്മുടെ മാത്രം
കണ്ണുകളിലൂടെ കണ്ട്,
പ്രശംസകളും അംഗീകാരങ്ങളും
പ്രതീക്ഷിക്കാതെ,
ചുറ്റുപാടുകളുടെ
വിലയിരുത്തലുകളെ
ഭയപ്പെടാതെ,
സങ്കീർണമായ പ്ലാനിങ്ങിന്റെ
മീൻ വലയിൽ കുരുങ്ങാതെ,
അപരൻ്റെ ജീവിതത്തോട്
നമ്മുടെ ജീവിതത്തെ
താരതമ്യപ്പെടുത്താതെ,
സ്വയം ശപിക്കാതെ,
സ്വയം സ്നേഹിച്ച്,
ഇന്നിൽ ജീവിച്ച്,
നമുക്ക് ഇത്തിരി നേരം നടക്കാം.

അപ്പോൾ പ്രണയവർണ്ണങ്ങൾ
ചുറ്റിലും പടരുന്നത് കാണാം.
സ്നേഹശലഭങ്ങൾ ചുറ്റിലും
പാറിപ്പറക്കുന്നത് കാണാം.
സന്തോഷത്തിരമാലകൾ
അലയടിച്ചെത്തുന്നത് കാണാം.
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ
പറന്നണയുന്നത് കാണാം.
ശാന്തിയുടെ സുഗന്ധം
ഉള്ളിലേക്കരിച്ചു കയറുന്നതറിയാം.

നമുക്ക് ഇത്തിരി നേരം നടക്കാം.

ഓരോ ദിവസവും ഇങ്ങനെ,
നമ്മെ തളർത്തുന്ന പലതിനെയും
കുറെ നേരം ഒഴിവാക്കി നടന്നാൽ,
ജീവിതം എക്കാലവും
നമുക്കർത്ഥപൂർണ്ണമാക്കാം.

നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും

– പ്രശാന്ത് വാസുദേവ്
മുൻ ഡപ്യൂട്ടി ഡയറക്ടർ
കേരള ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്.

Leave a Reply

Your email address will not be published. Required fields are marked *