തിരുവനന്തപുരം: സംസ്ഥാനത്തെ 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായി ഡിസംബര്‍ ഒന്‍പത്, പതിനൊന്ന് തീയതികളിലായിരിക്കും വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിക്കുന്ന പോളിങ് വൈകുന്നേരം ആറു വരെ തുടരും. ഇന്നലെ മുതല്‍ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മട്ടന്നൂര്‍ നഗരസഭയില്‍ മാത്രം തിരഞ്ഞെടുപ്പ് ഇക്കൂടെയുണ്ടാകില്ല. അതിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. എന്നാല്‍ ഇവിടെയും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ എം ഷാജഹാന് പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായിരിക്കും ഡിസംബര്‍ ഒന്പതിനു വോട്ടെടുപ്പ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ പതിനൊന്നിനു വോട്ടെടുപ്പ്. എല്ലാ ജില്ലകളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ പതിമൂന്നിനു നടക്കും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടപടികള്‍.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗ്രാമപഞ്ചായത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി 25000 രൂപ ചെലവഴിക്കാം. ബ്ലോക്ക് പഞ്ചായത്തില്‍ 75000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും ഒന്നരലക്ഷം രൂപയും ചെലവഴിക്കാം. പരിധിയില്‍ കൂടുതല്‍ തുക ചെലവഴിക്കുന്നവരെ അഞ്ചു വര്‍ഷത്തേക്ക് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് അയോഗ്യരാക്കും. ജാതി, മതം തുടങ്ങിയ ഘടകങ്ങള്‍ പറഞ്ഞുകൊണ്ടുള്ള പ്രചാരണത്തിനും വിലക്കുണ്ട്.
ആകെ 23576 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 33746 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. രണ്ടു കോടി എണ്പതു ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 2841 പ്രവാസി വോട്ടര്‍മാരുമുണ്ട്. വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തുകയും ചെയ്യും. എഐ ദുരുപയോഗം, വ്യാജ വാര്‍ത്തകള്‍ എന്നിവ തടയുന്നതിനു ശ്രദ്ധിക്കും. പ്രശ്ന ബാധിത ബൂത്തുകളില്‍ പ്രത്യകം സുരക്ഷാ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

