വാഷിങ്ടന്‍: കടുത്ത താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ താരിഫ് നയങ്ങലെ ന്യായീകരിച്ച് സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കു വച്ച കുറിപ്പില്‍ അതിനെ എതിര്‍ക്കുന്നവരെല്ലാം വിഡ്ഢികളാണെന്നും അഭിപ്രായപ്പെട്ടു. ട്രംപ് ഭരണകൂടത്തിന്റെ താരിഫുകളുടെ നിയമസാധുതയെ കുറിച്ച് യുഎസ് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
താരിഫുകളെ എതിര്‍ക്കുന്നവര്‍ വിഡ്ഢികളാണ്. നമ്മളിപ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ആദരിക്കപ്പെടുന്നതുമായ രാജ്യമാണ്. പണപ്പെരുപ്പം ഇപ്പോള്‍ ഇല്ലേയില്ല. ഓഹരി വിപണി റെക്കോഡ് നിലയിലാണ്. നമ്മള് ട്രില്യണ്‍ കണക്കിനു ഡോളറാണ് നേടുന്നത്. താമസിയാതെ നമ്മുടെ 37 ടില്യണ്‍ ഡോളറിന്റെ ഭീമമായ കടം വീട്ടാന്‍ തുടങ്ങും. യുഎസില്‍ റെക്കോഡ് നിക്ഷേപമാണ് നടക്കുന്നത്. എല്ലായിടത്തും പ്ലാന്റുകളും ഫാക്ടറികളും ഉയര്‍ന്നു വരുന്നു. ഉയര്‍ന്ന വരുമാനമുള്ളവര്‍ ഒഴികെ എല്ലാവര്ക്കും കുറഞ്ഞത് രണ്ടായിരം ഡോളര്‍ വീതം ലാഭവീതം നല്‍കും. ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത് ഇങ്ങനെ.
എന്നാല്‍ ഈ ലാഭവിഹിതം എങ്ങനെ നല്‍കുമെന്നോ എപ്പോള്‍ നല്‍കുമെന്നോ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നോ തുടങ്ങിയ വിശദാംശങ്ങള്‍ ഒരിടത്തും പറയുന്നുമില്ല.

