ലക്‌നൗ: ഉത്തര്‍ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്. വന്ദേമാതരത്തെ എതിര്‍ത്തതാണ് ഇന്ത്യാ വിഭജനത്തിലേക്കു നയിച്ചതെന്നും യോഗി അഭിപ്രായപ്പെട്ടു.
വന്ദേമാതരം ഗാനത്തിന്റെ നൂറ്റമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണിപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്നു. അതിനിടെയാണ് വന്ദേമാതരത്തെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ വിവാദത്തിനു തിരികൊളുത്തിയത്. 1937ല്‍ ഈ ഗീതത്തിലെ ഏതാനും വരികള്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇടപെട്ട് ഒഴിവാക്കിയതാണ് ഇന്ത്യാ വിഭജനത്തിലേക്കു നയിച്ചതെന്നായിരുന്നു മോദിയുടെ ആരോപണം. ഇതിനെ നിഷേധിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

