തിരുപ്പതി: ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ ഉപയോഗിക്കുന്ന നെയ്യ് വന്‍ തട്ടിപ്പിനുള്ള ഉപായമെന്ന് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ലഡ്ഡുവിലെ മായം സംബന്ധിച്ച് അന്വേഷിക്കുന്ന സംഘത്തിന്റെയാണ് ക്ഷേത്ര വിശ്വാസികളെ മുഴുവന്‍ ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍. ഒരു തുള്ളി പാല്‍ പോലും വാങ്ങുകയോ സംഭരിക്കുകയോ ചെയ്യാത്ത കമ്പനിയാണ് ലോക പ്രശസ്തമായ ക്ഷേത്രത്തിനു വേണ്ട നെയ്യ് മുഴുവന്‍ സപ്ലൈ ചെയ്യുന്നതിന്റെ കരാര്‍ എടുത്തിരുന്നത്. ഭോലെ ബാബ ഓര്‍ഗാനിക് ഡെയറി എന്നു പേരായ ഈ കമ്പനിയില്‍ നിന്നാണ് ക്ഷേത്രത്തിലേക്കു വേണ്ട നെയ്യ് മുഴുവന്‍ എത്തിച്ചിരുന്നത്. ഉത്തരാഘണ്ഡാണ് കമ്പനിയുടെ ആസ്ഥാനം.
വ്യാജ നെയ്യ് നിര്‍മിക്കുന്നതിനുള്ള രാസവസ്തുക്കള്‍ ഉത്തരാഘണ്ഡ് കമ്പനിക്കു സപ്ലൈ ചെയ്തിരുന്ന ഡല്‍ഹിയെലെ വ്യാപാരി അജയ് കുമാറിനെ ഇതു സംബന്ധിച്ച് സിബിഐ അറസ്റ്റു ചെയ്തിട്ടുണ്ട്. ഭോലെ ബാബ ഡെയറി ഡയറക്ടര്‍മാരായ പോമില്‍ ജെയിന്‍, വിപിന്‍ ജെയിന്‍ എന്നിവരെയും സിബിഐ സംഘം അറസ്റ്റു ചെയ്തു. വര്‍ഷങ്ങളായി ഇവര്‍ മൂവരുടെയും ബന്ധം തുടരുകയായിരുന്നു. ശുദ്ധമായ നെയ്യുടെ ഘടനയും സുഗന്ധവും ലഭിക്കാന്‍ പാമോയിലും വിവിധ രാസവസ്തുക്കളും കൃത്യമായ അനുപാതത്തില്‍ ചേര്‍ക്കുകയായിരുന്നു. വൈഷ്ണവി, എആര്‍ ഡെയറി എന്നീ പേരുകളിലായിരുന്നു ഇവര്‍ തയ്യാറാക്കുന്ന വ്യാജ നെയ്യ് വില്‍പനയ്‌ക്കെത്തിച്ചിരുന്നത്. തിരുപ്പതിയില്‍ ലഡ്ഡു നിര്‍മാണത്തിനായി ഇവര്‍ ഉല്‍പാദിപ്പിക്കുന്ന വ്യാജ നെയ്യായിരുന്നു ഉപയോഗിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് തിരുപ്പതി ദേവസ്ഥാനത്തെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പലരും നിരീക്ഷണത്തിലാണ്.

