മാഞ്ചസ്റ്റര്‍: ഫുട്‌ബോള്‍ ലോകത്തിലെ ഏറ്റവും കിടിലന്‍ പരിശീലകന്‍ എന്ന ഖ്യാതി സ്വന്തമാക്കിയ പെപ് ഗ്വാര്‍ഡിയോള ഇതാ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു. മാനേജീരിയല്‍ കരിയറില്‍ ആയിരം മത്സരങ്ങള്‍ എന്ന നേട്ടമാണ് സ്‌പെയിനില്‍ ജനിച്ച് ലോക ഫുട്‌ബോളില്‍ സ്വന്തം പേര് പരിശീലകന്‍ എന്ന റോളില്‍ എഴുതിച്ചേര്‍ത്ത പെപ് കൈവരിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഞായറാഴ്ച മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ എഫ്‌സി മത്സരമായിരുന്നു പരിശീലക കരിയറില്‍ പെപ് ഗ്വാര്‍ഡിയോളയുടെ ആയിരാമത് മത്സരം.
പെപ്പിന്റെ തന്ത്രങ്ങളില്‍ ലയണല്‍ മെസി, കെവിന്‍ ഡി ബ്രുയിന്‍ തുടങ്ങി കപ്പുയര്‍ത്തിയ താരങ്ങള്‍ നിരവധിയാണ്. ചുരുക്കത്തില്‍ ഫുട്‌ബോളിലെ കിങ് മേക്കറാണ് പെപ്. ഇതുവരെയുള്ള കരിയറിലെ ആയിരം മത്സരങ്ങളില്‍ 715ലും വിജയം ഇദ്ദേഹത്തിന്റെ തന്ത്രങ്ങളുടെ മൂശയില്‍ വിരിഞ്ഞ അടവുകള്‍ക്കായിരുന്നു. ഇത്രയും വിജയ റേറ്റ് അവകാശപ്പെടാന്‍ സാധിക്കുന്ന മറ്റു പരിശീലകരില്ലെന്നു പറയാം. മാനേജീരിയല്‍ മികവിന് ഇതുവരെ നാല്‍പതു ട്രോഫികളും പെപ്പിനെ തേടിയെത്തിയിട്ടുണ്ട്.

