തിരുവനന്തപുരം: സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് കേരളത്തിനു വല്ലാത്ത വള്ളിക്കെട്ടായി മാറിയിരിക്കുകയാണ്. ഇത്തിരി പോന്ന സംസ്ഥാനമാണെങ്കിലും പത്തു ലക്ഷത്തോളമാണ് ഇവിടെ തെരുവു നായ്ക്കള്‍. ഇവയെ മുഴുവന്‍ സുപ്രീം കോടതി പറയുന്ന രീതിക്കാണെങ്കില്‍ പ്രത്യേക സംരക്ഷണ കേന്ദ്രമുണ്ടാക്കി അവിടേക്കു മാറ്റണം. സ്ഥിരമായി സംരക്ഷണ കേന്ദ്രം പരിപാലിക്കുകയും വേണം. നിലവിലുള്ള നായ്ക്കളെയൊക്കെ വന്ധ്യംകരിക്കുകയും വേണം. ഇതിനു വഴി കാണാതെ ഇരുട്ടില്‍ തപ്പുകയാണ് സര്‍ക്കാര്‍.
വന്ധ്യംകരിച്ചതിനു ശേഷം താല്‍ക്കാലികമായി നായ്ക്കളെ പാര്‍പ്പിക്കുന്നതിനുള്ള ഷെല്‍റ്റര്‍ ഉണ്ടാക്കാന്‍ പോലും ജനകീയ എതിര്‍പ്പുകള്‍ മൂലം സാധിക്കാതെ പോയ സംസ്ഥാനമാണ് കേരളം. അവിടെയാണ് സംരക്ഷണ കേന്ദ്രങ്ങളെന്ന ആവശ്യം വരുന്നത്. വന്ധ്യംകരണ കേന്ദ്രങ്ങള്‍ക്കും വെല്ലുവിളി ഏറെയാണ്. ഓരോ വന്ധ്യംകരണ കേന്ദ്രത്തിലും എസി മുറി, എസി ഓപ്പറേഷന് തീയറ്റര്‍ എന്നിവയൊക്കെ വേണമെന്നാണ് കേന്ദ്രത്തില്‍ നിന്നും നിര്‍ദേശം വന്നിരിക്കുന്നത്. ഇതിനുള്ള ചെലവാണ് സംസ്ഥാനത്തിനുള്ള വലിയ വെല്ലുവിളി.

