ബാങ്കോക്ക്: തായ്‌ലന്‍ഡിലേക്ക് വിനോദ സഞ്ചാരികളില്‍ നല്ലൊരു പങ്കും വരുന്നതെന്തിനെന്ന് സര്‍ക്കാര്‍ മറന്നുവോയെന്നാണ് ആ രാജ്യത്തെ ടൂറിസവുമായി ബന്ധപ്പെട്ട സംരംഭകരുടെ ചോദ്യം. സര്‍ക്കാരിന്റെ പുതിയ മദ്യനയം ഇവരുടെയൊക്കെ മനസില്‍ തീകോരിയിടുകയാണ്. ആഘോഷോപൂര്‍ണമായ നൈറ്റ് ലൈഫ് ആസ്വദിക്കാനും സ്വാതന്ത്ര്യത്തോടെ രണ്ടു സ്‌മോളിന്റെ അകമ്പടിയില്‍ അര്‍മാദിക്കാനും വരുന്ന ടൂറിസ്റ്റുകളില്‍ നിന്നു ലഭിക്കുന്ന പണമാണ് തായ്‌ലന്‍ഡിന്റെ വരുമാനത്തില്‍ ഇരുപതു ശതമാനവും.
മദ്യത്തിന്റെ വില്‍പനയ്ക്കും ഉപഭോഗത്തിനും നിശ്ചിത സമയങ്ങളില്‍ ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് തായ്‌ലന്‍ഡ് സര്‍ക്കാര്‍. പണ്ടേ അര്‍ധരാത്രി മുതല്‍ രാവിലെ പതിനൊന്നു വരെ തായ്‌ലന്‍ഡില്‍ പൊതു സ്ഥലങ്ങളായ റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയില്‍ മദ്യം വിളമ്പാന്‍ പാടുള്ളതല്ല. അതിനു പുറമെ ഇപ്പോള്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ കൂടി മദ്യനിന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതു ലംഘിക്കുന്നവര്‍ക്ക് പതിനായിരം ബാത്ത് (ഏറക്കുറേ 25000 രൂപ, 275 യുഎസ് ഡോളര്‍) പിഴയും പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച പുതിയ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.

