മുംബൈ: ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് വിപണി വിഹിതത്തില്‍ ഇന്ത്യയുടെ കാര്‍ഡ് എന്നു പേരുള്ള റുപേ കാര്‍ഡ് മികച്ച വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഒക്ടോബര്‍ മാസത്തെ കണക്കനുസരിച്ച് ഇടപാടു മൂല്യത്തില്‍ 18 ശതമാനം വിഹിതമാണ് റുപേ കാര്‍ഡിനുള്ളത്. ഇന്ത്യയുടെ തദ്ദേശീയമായ കാര്‍ഡിന് വളരെ വേഗം സ്വീകാര്യത ലഭിക്കുന്നു എന്നാണ് ഈ വളര്‍ച്ച കാണിക്കുന്നത്.
വിസ, മാസ്റ്റര്‍, അമേരിക്കന്‍ എക്സ്പ്രസ് എന്നിവയുടെ കാര്‍ഡുകളാണ് റുപേയ്ക്കു പുറമെ ഇന്ത്യയിലുള്ളത്. ഇവയോടു മത്സരിച്ചാണ് റുപേ കാര്‍ഡ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഡെബിറ്റ് കാര്‍ഡുകളിലെ വിപണി വിഹിതത്തില്‍ റുപേ ഗണ്യമായ വളര്‍ച്ച കൈവരിച്ചു കഴിഞ്ഞതാണ്. അതിനു പുറമെയാണ് ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് വിപണി വിഹിതത്തിലും വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. എന്നു മാത്രമല്ല ഇന്ത്യയുടെ സ്വന്തം പേമെന്റ് ആപ് ആയ യുപിഐയുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഏക ക്രെഡിറ്റ് കാര്‍ഡ് റുപേ ആണ്.

