ബ്രിട്ടനില്‍ മെഡിക്കല്‍ റഗുലേറ്ററി ഏജന്‍സിക്ക് അധ്യക്ഷന്‍ മലയാളി ഡോക്ടര്‍, ഇടയാറന്‍മുള സ്വദേശി, ഹൃദ്രോഗ വിദഗ്ധന്‍

ലണ്ടന്‍: യുകെയില്‍ പൊതുജനാരോഗ്യ മേഖലയില്‍ ചികിത്സാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി രൂപീകരിക്കുന്ന റഗുലേറ്ററി ഏജന്‍സിയുടെ മേധാവിയായി മലയാളി നിയമിതനായി. ഇടയാറന്‍മുള സ്വദേശിയായ ഡോ. ജേക്കബ് ജോര്‍ജിനാണ് ആരോഗ്യ മേഖലയിലെ ഉന്നതസ്ഥാനത്തേക്ക് നിയമനം ലഭിച്ചിരിക്കുന്നത്. പുതുവര്‍ഷ ദിനത്തിലാണ് പുതിയ വിഭാഗം നിലവില്‍ വരുന്നത്.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റഗുലേറ്ററി ഏജന്‍സി എന്നായിരിക്കും പ്രത്യേക ശാസ്ത്ര സ്വഭാവത്തിലുള്ള ഈ ഏജന്‍സി അറിയപ്പെടുക. ആരോഗ്യ മേഖലയില്‍ ഉപയോഗിക്കുന്ന മുഴുവന്‍ മരുന്നുകളുടെയും വൈദ്യശാസ്ത്രപരമായ ഉപകരണങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണ് റഗുലേറ്ററി എജന്‍സിക്കു നിര്‍വഹിക്കാനുള്ളത്. ഈ ഏജന്‍സിയുടെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസര്‍ എന്നതാണ് ഡോ. ജേക്കബ് ജോര്‍ജിന്റെ തസ്തികയുടെ പേര്.

സ്‌കോട്ട്‌ലന്‍ഡിലെ സണ്‍ഡീ സര്‍വകലാശാലയിലെ ഹൃദ്രോഗ വിഭാഗത്തിലാണ് ഡോ. ജേക്കബ് ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത്. ജനുവരി അഞ്ചിനാണ് ഇദ്ദേഹം പുതിയ ജോലി ഏറ്റെടുക്കുക. പത്തനംതിട്ട ജില്ലയില്‍ ഇടയാറന്‍മുള സ്വദേശിയായ ഡോ. ജേക്കബ് ആലക്കോട് ജോര്‍ജ് ഉമ്മന്റെയും സൂസിയുടെയും മകനാണ്. ജനനം മലേഷ്യയില്‍. ഉന്നത പഠനം പൂര്‍ത്തിയാക്കിയത് ഷെഫീല്‍ഡിലും സണ്‍ഡീയിലുമായിരുന്നു. യുദ്ധകാലത്തും വിദ്യാര്‍ഥികളുടെ മെഡിക്കല്‍ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ യുക്രെയ്‌നില്‍ പോയി അധ്യാപന വൃത്തിയില്‍ ഏര്‍പ്പെട്ടതിന് അടുത്തയിടെ ആ രാജ്യത്തിന്റെ പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *