സിഡ്‌നി: ബലാല്‍സംഗ കേസിലെ പ്രതിയായ പഞ്ചാബ് എംഎല്‍എ ഒളിവില്‍ കഴിയുന്നതിനു തിരഞ്ഞെടുത്തിരിക്കുന്നത് ഓസ്‌ട്രേലിയ. പഞ്ചാബിലെ സനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ നിയമസഭാ സാമാജികനായ ഹര്‍മീത് സിംഗ് പത്തന്‍മജര്‍ ആണ് കക്ഷി. ഒരു ബലാല്‍സംഗ കേസില്‍ പ്രതിസ്ഥാനത്തുള്ള ഹര്‍മീത് സിംഗ് കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യ വിട്ടത്. എവിടെയാണെന്ന് ആര്‍ക്കും അറിയില്ലെങ്കിലും അടുത്തയിടെ ഒളിവിലിരുന്നുകൊണ്ട് അനുവദിച്ച അഭിമുഖത്തിലാണ് താവളം ഓസ്‌ട്രേലിയയില്‍ ആണെന്ന കാര്യത്തിന്റെ സൂചനയുള്ളത്.
പഞ്ചാബിലെ സിറാക്പൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് ഹര്‍മീത് സിംഗിനെതിരേ ബലാല്‍സംഗത്തിനു കേസെടുക്കുന്നത്. വിവാഹ മോചിതനാണെന്നു തെറ്റിദ്ധരിപ്പിച്ച് താനുമായി ബന്ധത്തിലായെന്നും പിന്നീട് തന്നെ വഞ്ചിച്ച് 2021 ല്‍ മറ്റൊരു വിവാഹം ചെയ്‌തെന്നുമാണ് ഇവര്‍ നല്‍കിയിരുന്ന കേസ്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് പഞ്ചാബിലെ സിവിള്‍ ലൈന്‍ പോലീസ് ബലാല്‍സംഗം, വഞ്ചന, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ വച്ച് കേസ് ചാര്‍ജ് ചെയ്തു.
ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയിരുന്നിടത്തു നിന്ന് അതി നാടകീയമായി ഇയാള്‍ ചാടിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഉണ്ടെന്നു കരുതിയ പല സ്ഥലങ്ങളിലും പോലീസ് റെയ്ഡുമായി എത്തിയെങ്കിലും പിറ്റേന്നു തന്നെ ഇയാള്‍ രാജ്യം വിട്ടിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പട്യാല കോടതി ഇയാളെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

