സ്വയം ട്രോളാന്‍ ഓസ്‌ട്രേലിയയെ പിടിച്ച് നവ്യ നായര്‍, ഓര്‍മയില്‍ കഴിഞ്ഞ ഓണക്കാലത്തെ മെല്‍ബണ്‍ സന്ദര്‍ശനം

സിഡ്‌നി: കഴിഞ്ഞ ഓണക്കാലത്തെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ ഓര്‍മകള്‍ വിടാന്‍ പ്രമുഖ മലയാളം നടി നവ്യ നായര്‍ ഒരുക്കമല്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വിമാനത്തിലിരിക്കുന്ന ചിത്രം പങ്കുവച്ച് കുറിപ്പായി ചേര്‍ത്തിരിക്കുന്നത് ഇങ്ങനെ: എവിടെ ആണോ എന്തോ, തലയില്‍ മുല്ലപ്പൂ ഇല്ലാത്തതു കൊണ്ട് ഓസ്‌ട്രേലിയയില്‍ പോകുവല്ല, ഹാപ്പി മടി പിടിച്ച ഡേ.

കഴിഞ്ഞ ഓണക്കാലത്ത് മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടിക്ക് ഒരു മുഴം മുല്ലപ്പൂമാല തലയില്‍ ചൂടിയതിന് കൊടുക്കേണ്ടി വന്നത് ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ ഫൈനായിരുന്നു. അന്നും സെല്‍ഫ് ട്രോള്‍ എന്നതു പോലെ ഫൈനടിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ നാട്ടുകാരെ അറിയിച്ചത് നടി തന്നെയായിരുന്നു. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണ പരിപാടിക്ക് മുഖ്യാതിഥിയായി എത്തിയത് നവ്യ നായരായിരുന്നു. ഫൈന്‍ അടിച്ചെങ്കിലും അതിനു പിന്നിലെ നിയമപരമായ കാര്യങ്ങളൊക്കെ നടി പഠിച്ചെടുക്കുന്നത് പിന്നീടായിരുന്നു.

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 2015ല്‍ പാസാക്കിയ ജൈവ സുരക്ഷിതത്വ നിയമമായിരുന്നു നവ്യയ്ക്ക് അന്നു വിനയായി മാറിയത്. വിദേശത്തു നിന്നുള്ള സസ്യസംബന്ധമായോ ജന്തു സംബന്ധമായോ ഉള്ള വസ്തുക്കള്‍ കൊണ്ടുവരുന്നതിന് കടുത്ത നിയന്ത്രണമാണ് ഈ നിയമം മൂലം നിലവില്‍ വന്നത്. ഓസ്‌ട്രേലിയയിലെ സസ്യ, ജന്തു ജൈവ സുരക്ഷ ഉറപ്പു വരുത്തുകയാണ് ആ നിയമത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *