ന്യൂസീലാന്‍ഡ് വിദ്യാഭ്യാസ നയത്തില്‍ മാറ്റം, പാര്‍ട്ട് ടൈം ജോലി ഇനി ആഴ്ചയില്‍ ഇരുപത്തഞ്ച് മണിക്കൂര്‍

വെല്ലിങ്ടന്‍: ന്യൂസീലാന്‍ഡിലെ വിദേശ വിദ്യാര്‍ഥികള്‍ക്ക് സന്തോഷ വാര്‍ത്ത, പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 25 മണിക്കൂര്‍ ഇനി ജോലി ചെയ്യാം. ഇതുവരെ ഇരുപതു മണിക്കൂര്‍ ആയിരുന്നതാണ് ഇപ്പോള്‍ ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുന്നത്. ന്യൂസീലാന്‍ഡ് സര്‍ക്കാരിന്റെ ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഗോയിങ് ഫോര്‍ ഗ്രോത്ത് പ്ലാന്‍ പ്രകാരമാണ് ഈ മാറ്റം നിലവില്‍ വന്നിരിക്കുന്നത്. നവംബര്‍ മൂന്നിനാണ് ഈ പുതിയ നയം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

നവംബര്‍ മൂന്നു മുതല്‍ അനുവദിക്കുന്ന എല്ലാ പുതിയ സ്റ്റുഡന്റ് വീസകള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. അപേക്ഷിച്ച തീയതി നവംബര്‍ മൂന്നിനു മുമ്പാണെങ്കിലും അനുവദിക്കുന്ന തീയതിയുടെ അടിസ്ഥാനത്തിലാണിതു ബാധകം. നിലവില്‍ സ്റ്റുഡന്റ് വീസയില്‍ ന്യൂസീലാന്‍ഡില്‍ പഠനം നടത്തുന്നവര്‍ക്ക് തൊഴില്‍ സമയം കൂട്ടിക്കിട്ടണമെങ്കില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ (variation of conditiosn) നല്‍കുകയോ പുതിയ സ്റ്റുഡന്റ് വീസയ്ക്കായി അപേക്ഷിക്കുകയോ ചെയ്യണം.

റെഗുലര്‍ പ്രോഗ്രാമുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പുറമെ വിവിധ അംഗീകൃത സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ മുഖേന പഠിക്കാനെത്തിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വിദേശ യൂണിവേഴ്‌സിറ്റികളുടെ സ്റ്റഡി എബ്രോഡ് പ്രോഗ്രാമുകളുടെ ഭാഗമായി പഠിക്കാനെത്തിയിരിക്കുന്നവര്‍ക്കും ജോലി ചെയ്യാന്‍ ഇതേ സൗകര്യം തന്നെ ലഭ്യമാണ്. ഒരു സെമസ്റ്റര്‍ മാത്രമുള്ള ഹൃസ്വകാല കോഴ്‌സുകളില്‍ ചേര്‍ന്നിരിക്കുന്നവര്‍ക്കും സൗകര്യം ലഭിക്കുന്നത് ഇങ്ങനെ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *