ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലണ്ടില്‍ വീണ്ടും വംശീയ ആക്രമണം. ലണ്ടന്‍ഡെറി കൗണ്ടിയില്‍ മലയാളി കുടുംബത്തിന്റെ കാര്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. ലണ്ടന്‍ഡെറിയില്‍ ലിമാവാഡി എന്ന സ്ഥലത്ത് ഐറിഷ് ഗ്രീന്‍ സ്ട്രീറ്റ് പ്രദേശത്തു താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണ് ശനിയാഴ്ച പുലര്‍ത്തെ കത്തിനശിച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചതായി പോലീസ് അറിയിച്ചു. വംശീയ ആക്രമണമാണ് നടന്നതെന്നും പോലീസ് സ്ഥിരീകരിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ കോള്‍ വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലണ്ടന്‍ഡെറി പ്രദേശത്ത് അടുത്തയിടെയായി വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. മലയാളികളെയാണ് കൂടുതലായും ഉന്നം വയ്ക്കുന്നതെന്ന് സ്ഥലത്തെ മലയാളി ഗ്രൂപ്പുകള്‍ പറയുന്നു. മലയാളികള്‍ അക്രമങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശമെത്തുന്നുണ്ട്.
കഴിഞ്ഞയാഴ്ച മറ്റൊരു മലയാളി കുടുംബത്തിന്റെ കാറിന്റെ നാലു ടയറുകളും രാത്രിയില്‍ ആരോ കുത്തിക്കീറിയിരുന്നു. കൊളറെയ്ന് എന്ന സ്ഥലത്ത് അടുത്തയിടെ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ പുറത്തു പോയിരുന്ന മലയാളി യുവാക്കളുടെ സംഘത്തെ ഒരു പറ്റം വംശീയവാദികള്‍ ആക്രമിച്ചിരുന്നു. കഴിഞ്ഞ മാസം ആദ്യവാരത്തില്‍ ബെല്‍ഫാസ്റ്റില്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് മധ്യവയസ്കനായ മലയാളിയെ ഒര സംഘം അക്രമികള്‍ ഉപദ്രവിച്ചിരുന്നു. എല്ലാ സംഭവത്തിലും അന്വേഷണം നടക്കുന്നു എന്നു മാത്രമാണ് പോലീസ് പറയുന്നത്.

