കാഠ്മണ്ഡു: ജെന്‍ സെഡ് പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി പതിവു രീതിയില്‍ നിന്നും വ്യത്യസ്തമായി സ്വന്തം രാജ്യത്തിന്റെ കറന്‍സി അച്ചടിക്കുന്നതിന് ഇക്കുറി തിരഞ്ഞെടുത്തിരിക്കുന്നതു ചൈനയെ. ഇതു വരെ നേപ്പാളിനായി നോട്ട് അടിച്ചു കൊണ്ടിരുന്നത് പ്രധാനമായും ഇന്ത്യയിലായിരുന്നു. ഇടയ്ക്ക് ഫ്രാന്‍സിലും ഓസ്ട്രേലിയയിലും നോട്ട് അടിച്ചിട്ടുണ്ടെങ്കിലും അതെല്ലാം നേപ്പാളി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു. നേപ്പാളിന് ഹൈ സെക്യുരിറ്റി പ്രസ് ഇല്ലാത്തതാണ് പുറം കരാര്‍ കൊടുക്കുന്നതിനുള്ള കാരണം.
നേപ്പാളിന്റെ ഏറ്റവും കൂടിയ മൂല്യത്തിനുള്ള കറന്‍സി നോട്ടായ ആയിരത്തിന്റെ നോട്ടുകള്‍ അച്ചടിക്കുന്നതിനാണ് ചൈനയ്ക്ക് പുറംകരാര്‍ കൊടുത്ത് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. ആയിരം രൂപ മൂല്യത്തിന്റെ 43 കോടി നോട്ടുകളായിരിക്കും ചൈനയിലെ പ്രസില്‍ അച്ചടിച്ചിറക്കുക. ഈ നോട്ടുകള്‍ രൂപകല്പന ചെയ്യുന്നതും ആ ഡിസൈന്‍ സൂക്ഷിക്കുന്നതും അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനി തന്നെയായിരിക്കും. നോട്ടിന്റെ അച്ചടിക്കായി നേപ്പാള്‍ രാഷ്ട്ര ബാങ്ക് നേരത്തെ ക്വട്ടേഷന്‍ വിളിച്ചിരുന്നു. അതില്‍ ഏറ്റവും കുറഞ്ഞ ക്വോട്ട് ചെയ്തത് ചൈനീസ് കമ്പനിയാണത്രേ. ഈ സ്ഥാപനം മുമ്പ് നേപ്പാളിന്റെ ചെറിയ മൂല്യത്തിന്റെ നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടെന്നു പറയുന്നു.

