വാഷിങ്ടന്‍: റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്ന രാജ്യങ്ങളോടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടില്‍ ഇരട്ടത്താപ്പെന്നു വിമര്‍ശനം. യൂറോപ്യന്‍ രാജ്യമായ ഹംഗറി റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ വിരോധമില്ലെന്ന നിലപാട് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് പരക്കെ വിമര്‍ശനം ഉയരുന്നത്. ഇതേ കാരണത്തിനാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ട്രംപ് വര്‍ധിപ്പിച്ചതും റഷ്യന്‍ കമ്പനികള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നതും.
നിലവില്‍ ഉപരോധ ഭീഷണിയില്‍ നിന്ന് ഒരു വര്‍ഷത്തേക്കാണ് ഹംഗറിക്ക് ട്രംപ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്തര്‍ ഓര്ബന് വൈറ്റ് ഹൗസ് സന്ദര്‍ശിച്ച് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് മറ്റു ലോക രാജ്യങ്ങള്‍ക്ക് അനുവദിക്കാത്ത ഇളവ് ഹംഗറിക്കു മാത്രമായി അനുവദിച്ചിരിക്കുന്നത്. എണ്ണ മാത്രമല്ല, പ്രകൃതി വാതകവും ഉപരോധ ഭീതി കൂടാതെ ഹംഗറിക്ക് റഷ്യയില്‍ നിന്നു വാങ്ങാനാവും. സമുദ്രാതിര്‍ത്തിയില്ലാത്ത ഹംഗറിക്ക് റഷ്യയില്‍ നിന്നല്ലാതെ എണ്ണയും പ്രകൃതി വാതകവും ലഭിക്കാന്‍ വഴിയില്ലെന്നാണ് ഇതു സംബന്ധിച്ച് ട്രംപിന്റെ വിശദീകരണം. എന്നാല്‍ യഥാര്‍ഥ കാരണം ട്രംപും ഓര്‍ബനും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദമാണെന്നു പറയുന്നവരേറെ.

