ഇക്കൊല്ലം ശബരിമല തീര്‍ഥാടനത്തിന് കളര്‍ കുറയും, ആരോഗ്യം കൂടും, നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി

കൊച്ചി: അവസാനം രാസകുങ്കുമ വിഷയത്തില്‍ കേരള ഹൈക്കോടതിയുടെ ഇടപെടല്‍. അങ്ങേയറ്റം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്ന രാസ കുങ്കുമങ്ങള്‍ ഇക്കൊല്ലത്തെ മണ്ഡലം, മകരവിളക്ക് ഉത്സവങ്ങളുടെ സമയത്ത് ശബരിമലയിലോ എരുമേലിയിലോ ഉപയോഗിക്കുന്നത് തടയണമെന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ഏറെ വര്‍ഷങ്ങളായി പൊതുജനാരോഗ്യ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും ഉന്നയിച്ചു പോരുന്ന കാര്യമാണിത്.

കോപ്പര്‍ സള്‍ഫേറ്റ്, മലകൈറ്റ് ഗ്രീന്‍, ലെഡ് ഓക്‌സൈഡ്, കാര്‍ബണ്‍ ബ്ലാക്ക്, അലൂമിനിയം ബ്രോമൈഡ്, റെഡ് മെര്‍ക്കുറി സള്‍ഫൈഡ്, പ്രഷ്യന്‍ ബ്ലൂ, അസോഡൈ, കോബാള്‍ട്ട് തുടങ്ങിയ രാസ വസ്തുക്കളോ ഇവ അടങ്ങിയ മിശ്രിതങ്ങളോ ആണ് രാസ കുങ്കുമങ്ങളായി ശബരിമലയിലും പേട്ടതുള്ളല്‍ നടക്കുന്ന എരുമേലിയിലും വര്‍ഷങ്ങളായി ഉപയോഗിച്ചു പോരുന്നത്. എരുമേലിയിലെ പേട്ടതുള്ളലില്‍ ദേഹമാസകലം ഇത്തരം രാസ കുങ്കുമങ്ങളില്‍ കുളിച്ചാണ് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള അയ്യപ്പന്‍മാരും മാളികപ്പുറങ്ങളും തുള്ളി നീങ്ങുന്നത്. ഈ ഗുരുതര ആരോഗ്യ പ്രശ്‌നത്തിന് ഇക്കുറി അന്ത്യമാകുമെന്നു കരുതുന്നു.

രാസകുങ്കുമത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വിശദമായ കുറിപ്പും അവയുടെ ദോഷഫലങ്ങളെ സംബന്ധിച്ച മുന്നറിയിപ്പും സഹിതമാണ് ഹൈക്കോടതിയുടെ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഇവ മണ്ണിനും മനുഷ്യനും സഹജീവികള്‍ക്കും അങ്ങേയറ്റം ദോഷമായതിനാല്‍ നിരോധിക്കുന്നുവെന്നാണ് ഉത്തരവില്‍ വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *