പൊതുമേഖലാ ബാങ്കുകള്‍ക്കു വന്‍ ലാഭം, ആദ്യ ആറു മാസം നേടിയത് ചരിത്രത്തിലെ വലിയ നേട്ടം, ഒരു ലക്ഷം കോടിക്കടുത്ത്

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അര്‍ഥപാദത്തില്‍ രാജ്യത്തെ പന്ത്രണ്ടു പൊതുമേഖലാ ബാങ്കുകള്‍ ചേര്‍ന്നുണ്ടാക്കിയ അറ്റാദായം എത്രയെന്നോ, ഒരു ലക്ഷം കോടി രൂപയ്ക്കടുത്ത്. കൃത്യമായി പറഞ്ഞാല്‍ 93674 കോടി രൂപ. ഇതു സര്‍വകാല റെക്കോഡാണെന്നു പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒന്നാം അര്‍ധവര്‍ഷത്തില്‍ ലഭിച്ച 85520 കോടിയുടെ അറ്റാദായത്തെക്കാള്‍ എണ്ണായിരം കോടിയിലധികം രൂപയാണ് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത്. അതായത് പത്തു ശതമാനത്തിലധികം വര്‍ധന.

ഇതില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള രണ്ടാം ത്രൈമാസത്തില്‍ 49456 കോടി രൂപയുടെ അറ്റാദായം ലഭിച്ചിട്ടുണ്ട്. പൊതു മേഖലാ ബാങ്കുകളില്‍ വളര്‍ച്ചയുടെ നിലവാരം ഏറ്റവും പിന്നിലുള്ളത് യൂണിയന്‍ ബാങ്കിനും ബാങ്ക് ഓഫ് ഇന്ത്യയ്ക്കുമാണ്. ഏറ്റവും കൂടിയ അറ്റാദായം കൈവരിച്ചിരിക്കുന്നത് ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. മൊത്തം ലാഭത്തില്‍ നാല്‍പതു ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ്.

Leave a Reply

Your email address will not be published. Required fields are marked *