സിഡ്നി: കുടിയേറ്റക്കാര്‍ക്കും ഇന്ത്യന്‍ വംശജര്ക്കുമെതിരേയുള്ള വംശീയ വെറി രാജ്യത്തെ ജൂത ജനതയ്ക്കു നേരേ കൂടി വ്യാപിപ്പിച്ചുകൊണ്ട് നിയോ നാസികളായ വൈറ്റ് ഓസ്ട്രേലിയ സിഡ്നിയില്‍ വിദ്വേഷ പ്രകടനം നടത്തി. ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിനു മുന്നില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് വൈറ്റ് ഓസ്ട്രേലിയയുടെ പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലു അവര്‍ക്ക് കൂട്ടം കൂടുന്നതിനും പ്രകടനം നടത്തുന്നതിനും അനുവാദം നല്‍കുകയായിരുന്നു.
നിയോ നാസികളുടെ പതിവു രീതിയില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് രണ്ടു വരിയായി ഇവര്‍ പാര്‍ലമെന്റിന്റെ മുന്‍ഭാഗത്തെ ഗേറ്റിലാണ് അണിനിരന്നത്. ജൂത ലോബിയെ നിരോധിക്കുക എന്ന ബാനര്‍ ഇവര്‍ക്കു പിന്നിലായി പ്രദര്‍ശിപ്പിച്ചിരുന്നു. അതിനു ശേഷം പുറത്ത് റോഡിലേക്ക് ഇവര്‍ പ്രകടനമായി ഇറങ്ങിയപ്പോഴും തടയുന്നതിന് പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരു പരിശ്രമവും ഉണ്ടായില്ല. ഇരുപതു മിനിറ്റ് സമയമാണ് ഇവര്‍ തെരുവില്‍ പ്രകടനം നടത്തിയത്.
പ്രകടനം നടത്തുന്ന വിവരം അറിയിച്ചുകൊണ്ട് ഒക്ടോബര്‍ 28ന് ഇവരുടെ നോട്ടീസ് ലഭിച്ചിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ മാല് ലാന്യോണ് പറഞ്ഞു. ഓസ്ട്രേലിയയിലെ സമ്മറി ഒഫന്‍സസ് നിയമം പ്രകാരം ചുരുങ്ങിയത് ഏഴു ദിവസം മുമ്പായി നോട്ടീസ് നല്കിയാല് ഏതു പ്രകടനത്തെയും നിയമവിധേയമായ പ്രകടനമായി മാത്രമാണ് കണക്കാക്കാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാലാണ് പ്രകടനത്തിന് അനുമതി നല്‍കിയതെന്നും മാല് ലാന്യോണ് പറഞ്ഞു. എന്നാല്‍ ഈ തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കിയ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് ആവശ്യമെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പോലീസിനു കൂടുതല്‍ അധികാരം നല്കുമെന്നു വ്യക്തമാക്കി. നിയോ നാസികള്‍ക്ക് ന്യൂ സൗത്ത് വെയില്‍സില്‍ ഒരുനാളും ഇടമുണ്ടാകില്ലെന്ന് അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.

