തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കാനും സംശയ നിവാരണത്തിനുമായി പ്രത്യേക കോള്‍ സെന്റര്‍ ആരംഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍കര്‍ അറിയിച്ചു. ഇതിനു മാത്രമായി പ്രത്യേക ഓഫീസര്‍മാരെയും നിയമിക്കുമെന്നും ആശയ വിനിമയത്തിനായി ഇമെയില്‍ ഐഡി ഉടന്‍ അറിയിക്കുമെന്നും ഖേല്‍കര്‍ വെളിപ്പെടുത്തി. എസ്‌ഐആറുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ക്ക് നാട്ടിലുള്ള ബന്ധുക്കള്‍ മുഖേന ഫോറം പൂരിപ്പിച്ചു നല്‍കാം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ടവര്‍ക്ക് അങ്ങനെയും ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ നടപടിക്രമങ്ങള്‍ മനസിലാക്കുന്നതിനായി എക്‌സ്‌പ്ലെയ്‌നര്‍ വീഡിയോ തയാറാക്കുന്നതാണ്. ഇക്കാര്യത്തില്‍ പ്രവാസി സംഘടനകളുമായി സഹകരിച്ച് ബോധവല്‍ക്കരണത്തിനും കമ്മീഷന്‍ തയ്യാറാണ്. എസ്‌ഐആറുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാന്‍ നോര്‍ക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് മുപ്പത്തഞ്ചു ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് ഇതിനകം എന്യുമറേഷന്‍ ഫോറം വിതരണം ചെയ്തിട്ടുണ്ട്. അതില്‍ പകുതിയോളം ആള്‍ക്കാരും ഫോറം പൂരിപ്പിച്ച് തിരികെ നല്‍കുകയും ചെയ്തുകഴഞ്ഞു. ആര്‍ക്കും അനായാസം പൂരിപ്പിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഫോറം തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ എന്യൂമറേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കാന്‍ കഴിയാതെ കരട് പട്ടികയില്‍ നിന്നു പുറത്തായിരിക്കുന്നവര്‍ക്ക് ഡിസംബര്‍ ഒമ്പതിനു ശേഷം ഫോറം ആറ് പൂരിപ്പിച്ച് നല്‍കി പട്ടികയില്‍ പേരു ചേര്‍ക്കാനായി അപേക്ഷിക്കാം. പട്ടികയില്‍ ഉള്‍പ്പെടാതെ പോയ പ്രവാസികള്‍ക്ക് ഈ ഘട്ടത്തില്‍ ഫോറം ആറ് എ പൂരിപ്പിച്ച് നല്‍കാനും അവസരമുണ്ടായിരിക്കും. രത്തന്‍ യു ഖേല്‍കര്‍ വെളിപ്പെടുത്തി.

