ഇസ്ലാമാബാദ്: പാക്കിസ്ഥാന് തങ്ങളുടെ സൈനിക ഘടനയില്‍ കാതലായ മാറ്റങ്ങള്‍ക്കു തയാറെടുക്കുന്നു. ഓപ്പറേഷന് സിന്ദൂറില്‍ തിരിച്ചടി കിട്ടിയത് സൈനിക സംവിധാനത്തിലെ ചില പോരായ്മകള്‍ മൂലമാണെന്ന വിലയിരുത്തലിലാണ് സൈനിക ഘടനയില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ സൈനിക ഘടനയുടെ രീതിയിലേക്ക് പാക്കിസ്ഥാന്റെ സൈനിക ഘടനയെ മാറ്റുകയാണ് അഴിച്ചു പണിയുടെ ലക്ഷ്യമെന്നും പറയുന്നു.
മൂന്നു സേനാവിഭാഗങ്ങള്‍ക്കുമായി ഏകീകൃത കമാന്‍ഡറെ നിയമിക്കുന്നതാണ് മാറ്റങ്ങളില്‍ ഏറെ പ്രധാനം. ഇന്ത്യയില്‍ ഇപ്പോള്‍ നിലനിന്നു പോരുന്ന രീതിയാണിത്. കമാന്‍ഡര്‍ ഓഫ് ഡിഫന്‍സ് ഫോഴ്സ് എന്നാണീ പുതിയ സ്ഥാനത്തിനു നല്‍കിയിരിക്കുന്ന പേര്. ഇത്തരം മാറ്റം കൊണ്ടുവരുന്നതിനായി ഭരണഘടനയില്‍ തന്നെ മാറ്റം കൊണ്ടുവരുന്നതിനുള്ള തയാറെടുപ്പിലാണെന്നും സൂചനയുണ്ട്. പാക് പത്രമായ ദി ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതു തന്നെയാണ്. ആധുനിക യുദ്ധത്തില്‍ സേനയുടെ സംയോജിത പ്രവര്‍ത്തനത്തിന്റെ ആവശ്യകത ഏറെയാണ്. അതിനാലാണ് ഏകീകൃത കമാന്‍ഡറെ ഇന്ത്യയുടെ മാതൃകയില്‍ നിയമിക്കുന്നതെന്നാണറിയുന്നത്.
ഇതിനൊപ്പം സൈന്യത്തിനായി കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നതിനുമുള്ള ആലോചന ശക്തമാണ്. ഈ തീരുമാനത്തിലേക്ക് പാക്കിസ്ഥാന് എത്തുന്നതും ഓപ്പറേഷന് സിന്ദൂറിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ്.

