സാക്രാമെന്റോ: ജനങ്ങളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതിന്റെ പേരില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടിക്കെതിരേ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സോഷ്യല്‍ മീഡിയ വിക്ടിം സെന്റര്‍, ടെക് ജസ്റ്റിസ് ലോ പ്രോജക്ട് എന്നീ സംഘടനകളാണ് കാലിഫോര്‍ണിയ സംസ്ഥാനത്തെ വിവിധ കോടതികളില്‍ കേസ് നല്‍കിയിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ വേര്‍ഷന്‍ 40 ആളുകളെ മാനസികമായി സ്വാധീനിച്ച് ആത്മഹത്യയിലേക്ക് തള്ളി വിടുന്നു എന്നാണ് കേസില്‍ പറയുന്നത്.
ചാറ്റ് ജിപിടി ആത്മഹത്യയ്ക്ക് പ്രേരണ നല്‍കി എന്നതിന് ആസ്പദമായ രണ്ടു സംഭവങ്ങളാണ് നിലവിലുള്ളത്. പതിനേഴു വയസുള്ള അമൗരി ലേസ എന്ന പെണ്‍കുട്ടി ചാറ്റ് ജിപിടിയോട് സഹായം തേടിയെങ്കിലും ഇവരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ചെയ്തതെന്ന് ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ ആദം റെയ്‌നെ എന്ന പതിനാറുകാരന്റെ മാതാവും സമാനമായ ആരോപണം ചാറ്റ് ജിപിടിക്കെതിരേ ഉന്നയിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിനുള്ള മാര്‍ഗം ചാറ്റ് ജിപിടി പറഞ്ഞു കൊടുത്തുവെന്നായിരുന്നു അവരുടെ ആരോപണം.
ഉപയോക്താക്കളില്‍ മാനസികമായ അപകടം സൃഷ്ടിക്കുമെന്ന നിരവധി മുന്നറിയിപ്പുകളുണ്ടായിട്ടും ഓപ്പണ്‍ എഐ ജിപിടി 40 മോഡല്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ തിടുക്കത്തില്‍ പുറത്തിറക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. ചാറ്റ്‌ബോട്ട് എന്ന നിലയില്‍ സഹായിക്കുന്നതിനു പകരം ആളുകളെ മാനിസിക സമ്മര്‍ദത്തിലേക്കും കടുത്ത വിഷാദത്തിലേക്കും നയിക്കുകയാണെന്ന് ഇതിനെതിരായി കേസുമായി പോയിരിക്കുന്നവര്‍ പറയുന്നു.

