വാഷിങ്ടന്‍: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷാറയെ ഭീകരരുടെ പട്ടികയില്‍ നിന്നും അമേരിക്ക ഒഴിവാക്കി. അല്‍ ഖായിദയുടെ മുന്‍ കമാന്‍ഡറായിരുന്ന അല്‍ ഷാറയുടെ തലയ്ക്ക് നേരത്തെ ഒരു കോടി ഡോളറായിരുന്നു അമേരിക്ക വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ റിയാദില്‍ വച്ച് അടുത്തയിടെ അല്‍ഷാറയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ തലയ്ക്ക് വിലയിട്ടിരുന്ന നടപടി അമേരിക്ക പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ ഭീകരരുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരിക്കുകയാണ്. നാളെ അല്‍ ഷാറയും ട്രംപും തമ്മില്‍ വാഷിങ്ടനില്‍ കൂടിക്കാഴ്ച നടക്കുകയാണ്. അതിനു മുന്നോടിയായാണ് ഈ സൗഹൃദ നീക്കം. അല്‍ ഷാറയ്ക്കു പുറമെ സിറിയന്‍ ആഭ്യന്തര മന്ത്രി അനസ് ഹസന്‍ ഖത്താബിനെയും ഭീകര പട്ടികയില്‍ നിന്നു നീക്കിയിട്ടുണ്ട്.
അമേരിക്ക അല്‍ ഷാറയെ ഭീകര പട്ടികയില്‍ നിന്നു നീക്കുന്നതിനു മുമ്പായി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലും ഇദ്ദേഹത്തിനെതിരായ ഉപരോധം നീക്കിയതായി പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം സിറിയയ്ക്കു മേലുള്ള മിക്ക ഉപരോധങ്ങളും അമേരിക്ക പിന്‍വലിച്ചിട്ടുണ്ട്. നാലു വര്‍ഷം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ പുനര്‍നിര്‍മിക്കാന്‍ അല്‍ ഷാറയ്ക്ക് കഴിയുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.
അമേരിക്ക ഉപരോധം പിന്‍വലിക്കുന്നത് ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന സിറിയയിലെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയാണ് നിരീക്ഷകര്‍ക്കുള്ളത്. മുന്‍ ഭരണാധികാരി ബസ്സാര്‍ അല്‍ അസദിനെ പുറത്താക്കിയതിനു ശേഷം സിറിയയില്‍ തിരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞ മാസമാണ്. അതിലാണ് അല്‍ ഷാറ പ്രസിഡന്റാകുന്നത്.

