പശ്ചിമ ആഫ്രിക്കയിലെ മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി, ഐസിസ് എന്നു സംശയം

ബമാകാ (മാലി): സായുധരായ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടല്‍ പതിവായ പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. മാലിയിലെ പടിഞ്ഞാറന്‍ മേഖലയില്‍ കോബ്രിക്കിന് സമീപം നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായതെന്നാണ് അറിയുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. തട്ടിക്കൊണ്ടു പോകലിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐസിസ് ആണു പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഇസ്ലാമിക് തീവ്രവാദം അതിവേഗം വളര്‍ന്നു വരുന്ന രാജ്യമാണ് മാലി. കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മറ്റ് ഇന്ത്യക്കാരെ സുരക്ഷ മുന്‍നിര്‍ത്തി തലസ്ഥാനമായ ബമാകോയിലേക്കു മാറ്റിയിട്ടുണ്ട്.

2012 മുതല്‍ അട്ടിമറികളും സംഘര്‍ഷങ്ങളും നിറഞ്ഞ മാലിയില്‍ വിദേശികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുള്ളതാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദികള്‍ രണ്ട് എമിറാത്തി പൗരന്‍മാരെയും ഒരു ഇറാനിയെയും ബമാകോയ്ക്ക് സമീപ പ്രദേശത്തു നിന്ന് തട്ടിക്കൊണ്ടു പോയിരുന്നതാണ്. അഞ്ചു കോടി ഡോളര്‍ മോചനദ്രവ്യം നല്‍കിയതിനെ തുടര്‍ന്നായിരുന്നു അവരെ പിന്നീട് വിട്ടയച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇവരെ മോചിപ്പിക്കുന്നത്. നിലവില്‍ സൈനിക ഭരണത്തിലുള്ള മാലിയില്‍ കടുത്ത ദാരിദ്ര്യമാണ് നിലനില്‍ക്കുന്നത്. തട്ടിക്കൊണ്ടുപോകലുകള്‍ക്കു പിന്നില്‍ ഇതും ഒരു കാരണമാണെന്നു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *