വാഷിങ്ടന്‍: ഇലോണ്‍ മസ്കിന് പറഞ്ഞു കേട്ടിരുന്ന അതിഭീമന്‍ ശമ്പളം കൊടുക്കാന്‍ ടെസ്ല ഓഹരി ഉടമകളുടെ യോഗത്തിന്റെ അംഗീകാരം. കോര്‍പ്പറേറ്റ് ലോകത്തെ ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കേജായ ഒരു ലക്ഷം കോടി ഡോളര്‍ (88.6 ലക്ഷം കോടി രൂപ) ഒരു വര്‍ഷം ഇനി ശമ്പളമായി ലഭിക്കും. ഇത്രയും പണം ബാങ്ക് അക്കൗണ്ടിലേക്കു വരുമെന്നു തല്ക്കാലം കരുതേണ്ട, കമ്പനിയുടെ ഓഹരികളുടെ രൂപത്തിലായിരിക്കും ഇതില്‍ മുഖ്യപങ്കും നല്‍കുക. ഇതു തന്നെ പത്തു വര്‍ഷം കൊണ്ട് പന്ത്രണ്ടു ഘട്ടങ്ങളിലായിട്ടാണ് നല്‍കുന്നതും.
ഇത്ര ഭീമമായ ശമ്പളം നല്‍കുന്നതിനുള്ള നിബന്ധനകളും കടുപ്പം പിടിച്ചതു തന്നെ. ടെസ്ലയുടെ മൂല്യം പത്തു വര്‍ഷം കൊണ്ട് എട്ടര ലക്ഷം കോടി ഡോളറിലെത്തിക്കണം. ഏഴര വര്‍ഷം കമ്പനിയില്‍ നിന്നു മാറാതെ സിഇഒ പദവിയില്‍ തുടരുകയും വേണം. വേതനം ഇനത്തില്‍ ലഭിക്കുന്ന ഓഹരികള്‍ വില്‍ക്കാനോ കൈമാറാനോ അനുവദിക്കുകയുമില്ല.
പ്രതിവര്‍ഷം രണ്ടു കോടി വാഹനങ്ങളുടെ വില്പന കൈവരിക്കണം. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷം കൊണ്ട് കമ്പനി കൈവരിച്ച മൊത്തം വില്പനയുടെ ഇരട്ടിയാണിത്. ടെസ്ലയുടെ ഒപ്റ്റിമസ് പ്രോഗ്രാമിലൂടെ പത്തു ലക്ഷം ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ വിറ്റഴിക്കുകയും വേണം.

