മുംബൈ: പൊണ്ണത്തടി കുറയ്ക്കാന്‍ ജനങ്ങള്‍ എന്തും ചെയ്യും എന്നതിന്റെ തെളിവായി ഒരു മരുന്നിന്റെ വില്‍പന മാറുന്നു. വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ എലി ലില്ലി ഉല്‍പാദിപ്പിക്കുന്ന മൗന്‍ജാരോ എന്ന മരുന്ന് ഒക്ടോബര്‍ മാസത്തിലെ വില്‍പനയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണെന്ന് ഫാര്‍മ റാക്ക് എന്ന ഗവേഷണ സ്ഥാപനം പറയുന്നു. അമിത വണ്ണത്തിനെതിരേയാണ് മൗന്‍ജാരോ മരുന്നായി ഉപയോഗിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രമാണ് ഈ മരുന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. എന്നിട്ടും എട്ടാം മാസം തന്നെ മറ്റേതു മരുന്നിനെക്കാളും അധികമായ കച്ചവടം പിടിക്കാന്‍ ഇതിനു സാധിച്ചിരിക്കുന്നു.
വിറ്റുവരവിലെ മികവ് മൊത്തം കച്ചവടത്തില്‍ കൈവരിക്കാന്‍ മൗന്‍ജാരോയ്ക്കു കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടിയ കച്ചവടം രേഖപ്പെടുത്തിയിരിക്കുന്നത് ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈനിന്റെ ആന്റിബയോട്ടിക് മരുന്നായ ഓഗ്മെന്റിനിനാണ്. എന്നാല്‍ മൗന്‍ജാരോ നൂറു കോടി രൂപയുടെ വിറ്റുവരവ് നേടിയ സ്ഥാനത്ത് ഓഗ്മെന്റിന്‍ കൈവരിച്ചത് എണ്‍പതു കോടിയുടെ കച്ചവടം മാത്രമാണ്. മരുന്നിന്റെ എംആര്‍പിയിലെ മേല്‍ക്കൈയാണ് വിറ്റുവരവിലെ മികവായി മാറാന്‍ എലി ലില്ലിയെ തുണച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ദഹനം മന്ദഗതിയിലാക്കുകയുമാണ് മൗന്‍ജാരോ ചെയ്യുന്നത്. അതുവഴി ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുന്നു. ഈ രീതിയിലാണ് മൗന്‍ജാരോ പൊണ്ണത്തടിക്കു പരിഹാരമായി മാറുന്നത്.

