വെള്ളം പൊങ്ങിയാല്‍ അതുക്കും മേലേ വീടു പൊങ്ങും, അതാണ് വീടിനുള്ള ജാക്കിവിദ്യ, അഞ്ച് അടി വരെ ഉയര്‍ത്താം

കോട്ടയം: വെള്ളപ്പൊക്കത്തില്‍ നിന്നു വീടുകളെ രക്ഷിക്കുന്നതിനായി അവയെ ഉയര്‍ത്തി സ്ഥാപിക്കുന്ന രീതിക്കു കേരളത്തില്‍ പ്രചാരമേറുന്നു. വീടുകളില്‍ വെള്ളം കയറിക്കഴിഞ്ഞാല്‍ പറഞ്ഞറിയിക്കാനാവാത്ത ദുരിതമാണ് വീട്ടുകാര്‍ക്ക്. ദിവസങ്ങള്‍ കഴിഞ്ഞ് വെള്ളം ഇറങ്ങുമ്പോള്‍ ടണ്‍ കണക്കിന് ചെളിയും പാഴ്വസ്തുക്കളുമായിരിക്കും വീടിനുള്ളില്‍ അടിഞ്ഞ് ശേഷിക്കുക. ഇതു വൃത്തിയാക്കുന്നതു ക്ലേശകരം മാത്രമല്ല, സാംക്രമിക രോഗങ്ങള്‍ക്കും ദുര്‍ഗന്ധത്തിനും കാരണമാകുകയും ചെയ്യുന്നു.

വീട് ഉയര്‍ത്തുന്നത് വലിയ ഇരുമ്പു ജാക്കികളുടെ സഹായത്തോടെയാണ്. ആദ്യമേ വീടിന്റെ പല ഭാഗത്തായി അടിത്തറ തുരന്ന് ജാക്കികള്‍ ഉറപ്പിക്കുന്നു. വീടിന്റെ വലുപ്പമനുസരിച്ച് അമ്പതും നൂറും ജാക്കികളായിരിക്കും വേണ്ടി വരിക. ഏറക്കുറേ ഒരേ തോതില്‍ ജാക്കികള്‍ ഉയര്‍ത്തുമ്പോള്‍ വീടിന്റെ ചുവട്ടിലെ ബെല്‍റ്റ് ഭാഗത്തിന് അടിത്തറയുമായുള്ള ബന്ധം വേര്‍പെടുന്നു. ഇത്രയുമായിക്കഴിഞ്ഞാല്‍ പണി കുറേക്കൂടി എളുപ്പമാണ്. വീട് ഉയരാന്‍ തുടങ്ങിയാല്‍ ജാക്കിക്ക് സ്വയം ഉയരാനുള്ള സ്പാന്‍ മാത്രം മതിയാകില്ല. അതിനനുസരിച്ച് ജാക്കിക്ക് അടിയില്‍ സമന്റ് കട്ടയോ മരക്കട്ടയോ വച്ചു കൊടുക്കും.

സാധാരണയായി മൂന്ന് അടിയാണ് വീടുകള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ആവശ്യാനുസരണം അഞ്ചടിയൊക്കെ ഉയര്‍ത്തുന്നത് സാധാരണമാണിപ്പോള്‍. വീട് ആവശ്യത്തിനനുസരിച്ച് ഉയര്‍ത്തിക്കഴിഞ്ഞാല്‍ അതിന് അടിത്തറയും ഫൗണ്ടേഷനും വീണ്ടും നിര്‍മിക്കേണ്ടതായി വരും. അതേ ഉയരത്തില്‍ മുറ്റവും നിര്‍മിച്ചു കഴിഞ്ഞാല്‍ പഴയ വീട് ഉയര്‍ത്തിയതാണെന്ന് ആരും പറയുകയേയില്ല. ഇരുനില വീടുകള്‍ ഉയര്‍ത്തുമ്പോള്‍ വീട്ടുകാര്‍ക്ക് മുകള്‍ നിലയില്‍ താമസിക്കുന്നതിനു തടസമില്ല. എന്നാല്‍ താഴത്തെ നിലയില്‍ നിന്നു താമസം മാറ്റേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *