ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ തേജസ് യുദ്ധ വിമാനങ്ങള്‍ക്ക് എന്‍ജിനുകള്‍ വാങ്ങാനുള്ള കരാറില്‍ അമേരിക്കന്‍ കമ്പനിയുമായി ഇന്ത്യ കരാറില്‍ ഒപ്പിട്ടു. ആഗോള ബ്രാന്‍ഡായ ജനറല്‍ ഇലക്ട്രിക്ക് (ജിഇ)ന്റെ അനുബന്ധ വിഭാഗമായ എയ്റോ സ്പേസുമായാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതനുസരിച്ച് എയ്റോ സ്പേസ് കമ്പനി ഇന്ത്യയ്ക്ക് 113 എന്‍ജിനുകളാണ് കൈമാറുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധ വിമാനമെന്നാണ് തേജസ് അറിയപ്പെടുന്നത്.
നിലവില്‍ വ്യോമസേനയിലേക്ക് കമ്മീഷന് ചെയ്യപ്പെട്ടിരിക്കുന്ന തേജസ് വിമാനങ്ങളുടെ അടുത്ത പതിപ്പായ മാര്‍ക്ക് 1എ ജെറ്റുകള്‍ക്കാവശ്യമായ എന്‍ജിനുകള്‍ക്കു വേണ്ടിയുള്ള ആഗോള അന്വേഷണമാണ് ജിഇയില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിമാന നിര്‍മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡാണ് ഇന്ത്യയ്ക്കു വേണ്ടി കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. തേജസ് നിര്മച്ചിരിക്കുന്നതും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്സാണ്. കരാര്‍ അനുസരിച്ചുള്ള എന്‍ജിനുകളുടെ സപ്ലൈ ആരംഭിക്കുന്നത് 2027ലാണ്. 2032 വരെയുള്ള കാലയളവിലായിരിക്കും എന്‍ജിനുകള്‍ ലഭിക്കുക.

