മെല്‍ബണ്‍: ഇന്ത്യന്‍ വനിതയെ നിര്‍ബന്ധിത വീട്ടുജോലിയില്‍ അടിമപ്പണിക്കു തുല്യമായ അവസ്ഥയില്‍ എട്ടു വര്‍ഷത്തോളം പാര്‍പ്പിച്ചതിന് വിക്ടോറിയയില്‍ നിന്നുള്ള ദമ്പതിമാര്‍ക്ക് തടവു ശിക്ഷയും പിഴയും. അറുപത്തൊന്നു വയസുള്ള പുരുഷനും 58 വയസുള്ള സ്ത്രീയുമാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്. ഇവരില്‍ സ്ത്രീക്ക് എട്ടു വര്‍ഷത്തെ തടവും പുരുഷന് ആറു വര്‍ഷത്തെ തടവുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. ഇതില്‍ സ്ത്രീയുടെ ശിക്ഷയില്‍ ആദ്യ നാലു വര്‍ഷം പരോള്‍ അനുവദിക്കുകയില്ല, പുരുഷന്റെ തടവു ശിക്ഷയില്‍ ആദ്യ മൂന്നു വര്‍ഷം പരോള്‍ ഉണ്ടായിരിക്കുകയില്ല.
ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിന്റെ ഉപ വിഭാഗമായ ക്രിമിനല്‍ അസറ്റ്സ് കോണ്‍ഫിസ്കേഷന്‍ ടാസ്ക് ഫോഴ്സ് ഇവരുടെ മൗണ്ട് വേവര്‍ലിയിലുള്ള വസതി 2016ല്‍ ഈ കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയിരുന്നു. ഈ വസതിയുടെ വില്പനയിലൂടെ ലഭിച്ച പതിനാലു ലക്ഷം ഡോളര്‍ കോമണ്‍വെല്‍ത്ത് ഫണ്ടിലേക്കു വകവച്ചു. ഇതിനു പുറമെ ഇവര്‍ക്കു മേല്‍ 1,40,000 ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു. ഇതിനു പുറമെ ഇക്കൊല്ലം ഒക്ടോബറില്‍ അധിക പിഴയായി സ്ത്രീ ഒരു ലക്ഷം ഡോളറും പുരുഷന് നാല്പതിനായിരം ഡോളറും അടയ്ക്കാമെന്നു സമ്മതിച്ചിരുന്നു. അടിമപ്പണിയിലൂടെ ഇവര്‍ക്കു ലഭിച്ച സാമ്പത്തിക മെച്ചത്തിനു തുല്യമായ തുകയെന്നു കണക്കാക്കിയാണ് അധിക പിഴ നിശ്ചയിച്ചത്. ഇവരുടെ വീട്ടില്‍ അടിമപ്പണിക്കു നിയോഗിക്കപ്പെട്ട സ്ത്രീക്ക് 2023ല്‍ 4.85 ലക്ഷം ഡോളര്‍ എക്സ് ഗ്രേഷ്യ ആനുകൂല്യമായി അനുവദിച്ചിരുന്നതുമാണ്. ടൂറിസ്റ്റ് വീസയില്‍ ഓസ്ട്രേലിയയില്‍ എത്തിയ വനിതയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

