ബ്രിസ്‌ബേന്‍: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ അവസാന കളി ഇന്ന് ബ്രിസ്ബനില്‍ നടക്കും. ഗബ്ബ സ്റ്റേഡിയത്തില്‍ നടക്കുന്ന കടശി കളി കൂടി ജയിക്കുകയാണെങ്കില്‍ 3-1ന് ഈ പരമ്പര ഇന്ത്യ സ്വന്തമാക്കും. അഥവാ ഓസ്‌ട്രേലിയയാണ് ജയിക്കുന്നതെങ്കില്‍ പരമ്പര സമനിലയില്‍ അവസാനിച്ചെന്ന ആശ്വാസം മിച്ചല്‍ മാര്‍ഷിനും ടീമിനും ലഭിക്കും. നിലവിലെ സാധ്യത ഇന്ത്യയ്ക്കു തന്നെയെന്നാണ് പൊതുവായ വിലയിരുത്തല്‍.
അഞ്ചു കളികളുള്ള പരമ്പരയില്‍ രണ്ടാമത്തെ കളിയില്‍ മാത്രമാണ് ഇന്ത്യ പ്രതീക്ഷയ്‌ക്കൊത്തുയരാഞ്ഞത്. ആദ്യ കളിയില്‍ നന്നായി കളിച്ചു തുടങ്ങിയെങ്കിലും മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടതായി വരികയായിരുന്നു. എന്നാല്‍ രണ്ടാമത്തെ കളി ഓസ്‌ട്രേലിയയുടെ വ്യക്തമായ ആധിപത്യം പ്രദര്‍ശിപ്പിക്കുന്നതായിരുന്നു. മൂന്നാമത്തെയും നാലാമത്തെയും കളികളായപ്പോഴേക്കും ഇന്ത്യ കൂടുതല്‍ ഇരുത്ത വന്ന അവസ്ഥയിലായിരുന്നു.
ഇന്നത്തെ മത്സരത്തിലെങ്കിലും ഓപ്പണറായി മികവു തെളിയിച്ച സഞ്ജു സാംസനെ ടീമില്‍ ഉള്‍പ്പെടുത്തുമോയെന്നാണ് അറിയാനുള്ളത്. ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവുണ്ടെങ്കില്ും ആകെ ഒരു കളിയില്‍ മാത്രമാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ശുഭ്മാന്‍ ഗില്ലിനായി സഞ്ജുവിനെ ബലിയാടാക്കി കരയ്ക്കിരുത്തിയിരിക്കുകയാണെന്ന ആക്ഷേപം വ്യാപകമാണ്. ഇന്നത്തെ മത്സരത്തില്‍ ഗില്ലിന് വിശ്രമം നല്‍കുകയും സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന ടീം ബാറ്റിങ് ഓപ്പണ്‍ ചെയ്യണമെന്നുമുള്ള അഭിപ്രായം ശക്തമാണ്.

