ന്യൂഡല്‍ഹി: ജീവനാംശം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഷമിക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും നോട്ടീസ് അയച്ചു.
ഹസിന്‍ ജഹാന് പ്രതിമാസം ഒന്നര ലക്ഷം രൂപയും മകള്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് ജീവനാംശമായി ഇതു സംബന്ധിച്ച കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി വിധിച്ചിരുന്നത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ജഹാന്‍ സുപ്രീം കോടതിയിലെത്തിയത്. ഷമിയുടെ വരുമാനവും ജീവിത ശൈലിയും വച്ചു നോക്കുമ്പോള്‍ തങ്ങള്‍ക്കു ലഭിക്കുന്ന തുക അപര്യാപ്തമാണെന്ന് അവര്‍ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ മാസം ഇരുവര്‍ക്കുമായി ലഭിക്കുന്ന നാലു ലക്ഷം രൂപ എന്നതു തന്നെ വലിയ തുകയല്ലേയെന്ന് പ്രാഥമിക വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രീം കോടതി ആരാഞ്ഞു. അതേ സമയം കേസില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരും ഷമിയും നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് പറഞ്ഞുകൊണ്ട് കേസ് ഡിസംബറില്‍ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
ഭാര്യയ്ക്കും മകള്‍ക്കുമായി പ്രതിമാസം നാലു ലക്ഷം രൂപ വീതം ജീവനാംശം നല്‍കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് അജോയ് കുമാര്‍ മുഖര്‍ജിയായിരുന്നു വിധിച്ചത്. പ്രതിമാസം പത്തു ലക്ഷം രൂപ ജീവനാംശമായി നല്‍കണമെന്നായിരുന്നു ജഹാന്‍ ഹൈക്കോടതിയില്‍ ആവശ്യം ഉന്നയിച്ചിരുന്നത്. അതില്‍ ഏഴുലക്ഷം രൂപ തനിക്കും മൂന്നു ലക്ഷം രൂപ മകള്‍ക്കും എന്ന തോതിലായിരുന്നു ആവശ്യപ്പെട്ടിരുന്നത്. 2014ലാണ് ഷമിയും ജഹാനും വിവാഹിതരായത്. തുടര്‍ന്ന് ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. 2018ലാണ് ഇവര്‍ വേര്‍പിരിയുന്നത്.

