ന്യൂഡല്‍ഹി: മ്യാന്‍മറിലെ സൈബര്‍ തട്ടിപ്പു കേന്ദ്രത്തില്‍ തൊഴില്‍ തട്ടിപ്പില്‍ അകപ്പെട്ട് എത്തുകയും അവിടെ നിന്ന് അതിര്‍ത്തി കടന്ന് പലായനം ചെയ്ത് തായ്‌ലന്‍ഡിലെത്തുകയും ചെയ്ത 270 ഇന്ത്യക്കാരെ തിരികെ ഇന്ത്യയിലെത്തിച്ചു. ഇവരില്‍ 25 പേര്‍ വനിതകളാണ്. തായ്‌ലന്‍ഡിലെ ഇന്ത്യന്‍ എംബസിയുടെ ഊര്‍ജിത ശ്രമം നിമിത്തമാണ് തായ് ജയിലില്‍ അകപ്പെടാതെ ഇവരെ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു പ്രത്യേക വിമാനങ്ങളാണ് ഇവര്‍ക്കായി പറന്നത്. ജീവരക്ഷാര്‍ഥം അതിര്‍ത്തി കടന്നെത്തിയത് 465 ഇന്ത്യക്കാരായിരുന്നെങ്കിലും ശേഷിക്കുന്നവര്‍ ഇപ്പോഴും തിരികെ വരാന്‍ സൗകര്യം കാത്തു കഴിയുകയാണ്. അടുത്ത തിങ്കളാഴ്ചയോടെ ഇവരെയും തിരികെയെത്തിക്കാന്‍ കഴിയുമെന്നാണ് എംബസി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
മ്യാന്‍മര്‍ നഗരമായ മൃവാഡിയില്‍ സൈബര്‍ തട്ടിപ്പുകളുടെ ആസ്ഥാനമെന്നു പേരു കേട്ട കെകെ പാര്‍ക്കില്‍ കഴിഞ്ഞ മാസം മ്യാന്‍മര്‍ സൈന്യം റെയ്്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു 28 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തഞ്ഞൂറിലധികം തൊഴിലാളികള്‍ തായ്‌ലന്‍ഡിലെത്തിയത്. തായ് അതിര്‍ത്തിക്കു സമീപമായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. അനധികൃതമായി തായ്‌ലന്‍ഡില്‍ പ്രവേശിച്ചതിന് ഡിറ്റന്‍ഷന്‍ സെന്ററിലായ ഇവരെ എംബസി ഇടപെട്ടാണ് താമസ സൗകര്യമൊരുക്കി പുറത്തെത്തിച്ചത്.
ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്താണ് ചൈനീസ് ബന്ധമുള്ള ഇന്ത്യന്‍ സ്ഥാപനം ഇവരെ മ്യാന്‍മറിലെ തട്ടിപ്പു കമ്പനിക്കു വേണ്ടി റിക്രൂട്ട് ചെയ്യുന്നത്. ഇതോടെ ഇവര്‍ മുഴുവന്‍ അന്താരാഷ്ട്ര ക്രിമിനല്‍ സിന്‍ഡിക്കേറ്റുകളുടെ കെണിയില്‍ പെടുകയായിരുന്നു. രക്ഷപെട്ടവരെക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ വിവിധ തട്ടിപ്പു കേന്ദ്രങ്ങളില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

