കൊച്ചി: നാവിക സേന തദ്ദേശീയമായി രൂപകല്‍പന ചെയ്തു നിര്‍മിച്ച മൂന്നാമത്തെ സര്‍വേ യാനമായ ഐഎന്‍എസ് ഇക്ഷക് ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി കപ്പല്‍ കമ്മീഷന്‍ ചെയ്തു. നിരവധി ഉപയോഗങ്ങള്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന രീതിയിലാണിതിന്റെ രൂപകല്‍പന. ഓപ്പറേഷന്‍ തീയറ്റര്‍ മുതല്‍ വെന്റിലേറ്റര്‍ വരെ ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്നു.
പതിനായിരം അടിയിലധികം താഴ്ചയില്‍ കടലിനടിയില്‍ സ്ഥിതിചെയ്യുന്ന വസ്തുക്കളെയും തടസങ്ങളെയും കണ്ടെത്താനും മാപ്പ് ചെയ്യാനും ഇതിനു സാധിക്കും. ഹൈഡ്രോസ്വീപ് മള്‍ട്ടി ബീം എക്കോ സൗണ്ടര്‍, ലോംഗ് റേഞ്ച് ഡിജിപിഎസ്, ഡാറ്റ അക്വിസിഷന്‍ ആന്‍ഡ് പ്രോസസിങ് സിസ്റ്റം, തുടങ്ങി ഒട്ടേറെ ആധുനിക സാങ്കേതിക വിദ്യകളാണ് ഇതിനായി കപ്പലില്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളില്‍ എണ്‍പതു ശതമാനത്തിലധികവും തദ്ദേശീയമായി നിര്‍മിച്ചവ മാത്രമാണെന്ന മെച്ചവുമുണ്ട്. സ്ത്രീകള്‍ക്കു പ്രത്യേക താമസ സൗകര്യമുള്ള ആദ്യത്തെ സര്‍വേ യാനമാണിത്.
നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളുമുള്ള ഓപ്പറേഷന്‍ തീയറ്റര്‍, വെന്റിലേറ്റര്‍, സ്‌കാനിങ് സൗകര്യങ്ങള്‍ രക്തബാങ്ക് തുടങ്ങിയ കാര്യങ്ങളും കപ്പലിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ നാല്‍പതു രോഗികളെ വരെ ഇതിനുള്ളില്‍ താമസിപ്പിക്കുന്നതിനും സാധിക്കും. സര്‍വേ കപ്പല്‍ എന്നതിലുപരി മാനുഷിക സഹായങ്ങളെത്തിക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്ത നിവാരണത്തിനും അവശ്യ സന്ദര്‍ഭങ്ങളില്‍ ആശുപത്രി സേവനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മാണം.

