ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്വെയര് കഴിഞ്ഞ മൂന്നു വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍. വോട്ട് ഇരട്ടിപ്പും വ്യാജ വോട്ടുകളും കണ്ടെത്തുന്ന കാര്യത്തില്‍ കാര്യക്ഷമത തെളിയിച്ച സോഫ്റ്റ്വെയറാണ് കഴിഞ്ഞ 2022 നു ശേഷം ഉപയോഗിക്കാതെ മാറ്റിവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണം കത്തിനില്‍ക്കുന്നതിനിടെയാണ് ഇക്കാര്യം വെളിച്ചത്തു വന്നിരിക്കുന്നത്.
വോട്ട് ഡ്യൂപ്ലിക്കേഷന്‍-ഡീഡ്യൂപ്ലിക്കേഷന്‍ എന്നു പേരിട്ടിരുന്ന ഈ സോഫ്റ്റ്വെയര് വികസിപ്പിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ തന്നെ നിയന്ത്രണത്തിലുള്ള സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഇന്‍ അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സിഡാക്) എന്ന സ്ഥാപനമാണ്. ഈ സ്ഥാപനം പുറത്തിറക്കിയിരിക്കുന്ന സോഫ്റ്റ്വെയറുകളെല്ലാം കാര്യക്ഷമതയുടെ കാര്യത്തിലും ഉപയോഗക്ഷമതയുടെ കാര്യത്തിലും പേരുകേട്ടവ തന്നെയാണ്. 2022ലെ വാര്‍ഷിക സ്പെഷല്‍ സമ്മറി റിവിഷനിലാണ് അവസാനമായി ഇത് ഉപയോഗിച്ചിരുന്നത്. രാജ്യത്ത് മൊത്തം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ നിന്ന് ഏകദേശം മൂന്നു കോടിയോളം വോട്ടര്‍മാരെ ആക്ഷേപങ്ങള്‍ക്കൊന്നും ഇടനല്‍കാതെ ഒഴിവാക്കാന്‍ ഇതിനു സാധിച്ചിരുന്നതാണ്. അത്രയും വോട്ടര്‍മാര്‍ ഇരട്ടിപ്പോ തട്ടിപ്പോ നടത്തിയിരുന്നവരാണെന്ന വസ്തുതയാണ് ഇതിലൂടെ തെളിഞ്ഞത്. ഇതനുസരിച്ചാണെങ്കില്‍ വോട്ടുകൊള്ളയ്ക്ക് തുടക്കം കുറിച്ചത് 2022ലാണെന്നു വ്യക്തമാകുന്നു.
വീടുകളില്‍ ചെന്നുള്ള വോട്ടര്‍മാരുടെ തിരിച്ചറിയല്‍ പ്രക്രിയയില്‍ വോട്ടിരട്ടിപ്പും വ്യാജ വോട്ടുകളും കണ്ടെത്താന്‍ ഈ സോഫ്റ്റ്വെയര് ഉദ്യോഗസ്ഥരെ ഏറെ സഹായിച്ചിരുന്നു. എന്നാല്‍ വീടുകളില്‍ ചെന്നുള്ള പരിശോധന നടക്കാത്ത സാഹചര്യത്തില്‍ മാത്രമാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നാണ് കഴിഞ്ഞ മാസം 22ന് നടത്തിയ പത്ര സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞത്. ഭാവിയില്‍ ഈ സങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ പത്രസമ്മേളനത്തില്‍ അദ്ദേഹം ഒഴിഞ്ഞു മാറുകയാണുണ്ടായത്.

