ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോള് സംവിധാനത്തിലെ തകരാര്‍ മൂലം നൂറിലേറെ വിമാനങ്ങള്‍ വൈകുകയോ യാത്ര തടസപ്പെടുകയോ ചെയ്തു. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ മുതലാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നതിന് വിമാന കമ്പനികളുമായി ബന്ധപ്പെടാനാണ് എയര്‍പോര്‍ട്ടില്‍ നിന്നു യാത്രക്കാരോടു നിര്‍ദേശിച്ചത്.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഡല്‍ഹി. ദിവസേന ആയിരത്തഞ്ഞൂറിലേറെ ഫ്ളൈറ്റുകളാണ് ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും പ്രശ്നം തങ്ങളുടെ പരിധിക്ക് പുറത്തുള്ളതാണെന്നും എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാരെ അറിയിച്ചു. ഇതേ രീതിയില്‍ തന്നെയുള്ള അറിയിപ്പുകളാണ് ഇന്‍ഡിഗോയും സ്പൈസ് ജെറ്റും നല്‍കിയിരിക്കുന്നത്.

