പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഭക്തി സാന്ദ്രമായ ഛഠ് പൂജ, പെര്‍ത്തില്‍ ആള്‍ സാന്നിധ്യം കൂടുതല്‍

പെര്‍ത്ത്: പെര്‍ത്തില്‍ ബര്‍സ്വുഡ് നദിയുടെ തീരത്ത് നൂറിലധികം ഭക്തജനങ്ങള്‍ പങ്കെടുത്ത് ആത്മീയ ഉണര്‍വ് പകന്ന് ഛഠ് പൂജ നടന്നു. നദീ തീരം നാടന്‍ ഭക്തിഗാനങ്ങളും ഭജനകളും കൊണ്ടു മുഖരിതമായപ്പോള്‍ പങ്കെടുത്തവര്‍ക്ക് ബീഹാറിലെയും ജാര്‍ഘണ്ഡിലെയും പഴയ നാളുകളുടെ ഓര്‍മ പുതുക്കാനായി. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ബീഹാര്‍-ജാര്‍ഘണ്ഡ് സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഛഠ് പൂജാ സമിതിയുടെ നേതൃത്വത്തിലായിരുന്നു കര്‍മങ്ങള്‍ നടന്നത്.

പങ്കെടുത്തവര്‍ നദിയിലെ വെള്ളത്തില്‍ മുട്ടൊപ്പം ഇറങ്ങി നിന്ന് സൂര്യ ദേവനും ഛഠ് മായയ്ക്കും ആദരങ്ങളും പ്രാര്‍ഥനകളും സമര്‍പ്പിച്ചപ്പോള്‍ ആ അന്തരീക്ഷമാകെ ആത്മീയമായ ശക്തി നിറഞ്ഞതുപോലെയായി. എല്ലാക്കൊല്ലവും ഇവിടെ ഛഠ് പൂജ നടക്കാറുള്ളതാണെങ്കിലും പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണം നൂറു കടക്കുന്നത് ഇത് ആദ്യമായാണ്. സമാനമായ ഛഠ് പൂജ ആഘോഷങ്ങള്‍ സതേണ്‍ നദിയുടെ തീരത്തും പിയാര വാട്ടേഴ്‌സിലും വില്ലട്ടനിലും നടന്നു. ഇവയെക്കാളൊക്കെ ആള്‍ സാന്നിധ്യം കൊണ്ടു മുന്നില്‍ നിന്നത് പെര്‍ത്തിലെ പൂജയാണ്.

ഹിന്ദു മതത്തിലെ ഏറ്റവും പുരാതനമായ ഉത്സവങ്ങളിലൊന്നാണ് ഛഠ് പൂജ. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഇതിനുള്ളത്. എല്ലാ ചടങ്ങുകളും സകല ഊര്‍ജത്തിന്റെയും ആദി സ്രോതസായ സൂര്യഭഗവാന് നന്ദി സമര്‍പ്പിക്കാനും ആവശ്യങ്ങള്‍ അര്‍ച്ചിക്കാനുമുള്ളവയാണ്.

Leave a Reply

Your email address will not be published. Required fields are marked *