ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരം ഇനി പന്തു തട്ടുക ഇന്ത്യയ്ക്കായി, ഓസീസ് അസോസിയേഷന്റെ മറുപടിക്കു കാക്കുന്നു

ന്യൂഡല്‍ഹി: വിദേശത്ത് ജനിച്ച ഇന്ത്യന്‍ വംശജരായ താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുകയെന്ന ചരിത്രപരമായ തീരുമാനം നടപ്പാക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഓസ്‌ട്രേലിയന്‍ വിങ്ങര്‍ റയാന്‍ വില്യംസും നേപ്പാള്‍ പ്രതിരോധ താരം അബ്‌നീത് ഭാരതിയും ഇനി ഇന്ത്യയ്ക്കായി പന്തു തട്ടും. ഐഎസ്എല്‍ ക്ലബ്ബ് ബെംഗളൂരുവിന്റെ വിങ്ങറായ വില്യംസിനെയും അബ്‌നീതിനെയും ഇന്ത്യയുടെ ദേശീയ ഫുട്‌ബോള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ വംശജനെങ്കിലും ഓസ്‌ട്രേലിയന്‍ പൗരനായ വില്യംസ് 2023ലാണ് ബെംഗളൂരു എഫ്‌സിയിലെത്തുന്നത്. ഇയാളുടെ മാതാവ് ആന്‍ഡ്രി വില്യംസ് മുംബൈയിലെ ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിലായിരുന്നു ജനിച്ചത്. ഓസ്‌ട്രേലിയക്കാരനെ വിവാഹം ചെയ്ത് അവിടേക്ക് കുടിയേറുകയും ചെയ്തു. വില്യംസിന്റെ ജനനവും വളര്‍ച്ചയുമെല്ലാം പെര്‍ത്തില്‍. ഓസീസ് അണ്ടര്‍ 20, അണ്ടര്‍ 23 ടീമുകള്‍ക്കായി നിരവധി കളികള്‍ കളിച്ചിട്ടുണ്ട്. ഒരു തവണ സീനിയര്‍ ടീമിനായും അവിടെ കളിക്കാന്‍ അവസരം കിട്ടുകയും ചെയ്തു. ഐഎസ്എല്ലില്‍ ബെഗളൂരുവിനായി കളിക്കുന്നതിനിടെ ഇന്ത്യന്‍ പൗരത്വം നേടി അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്കായി കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

വില്യംസിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഓസീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകരിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്കായി കളിക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ പേഴ്‌സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയ്ക്കു വേണ്ടി കളിക്കാന്‍ അനുവാദം നല്‍കുന്നതു സംബന്ധിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷ.

അബ്‌നീര്‍ ഭാരതി നിലവില്‍ ബൊളീവിയയിലെ ഒരു പ്രശസ്ത ക്ലബ്ബിനായാണ് കളിക്കുന്നത്. ഇന്ത്യന്‍ പൗരത്വവുമുണ്ട്. അണ്ടര്‍ 16 വിഭാഗത്തില്‍ ഇന്ത്യയ്ക്കായി ഇതിനു മുമ്പ് കളിച്ചിട്ടുമുണ്ട്. രണ്ടു താരങ്ങളും ഉടന്‍ തന്ന ഇന്ത്യന്‍ ക്യാമ്പില്‍ ചേരും. വില്യംസിന് ഇന്ത്യയ്ക്കു വേണ്ടി കളിക്കണമെങ്കില്‍ ഓസീസ് ഏജന്‍സിയില്‍ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട് അതു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *