സിഡ്നി: ഒരു ഓസ്ട്രേലിയന്‍ യുവാവ് ഇന്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ചാല്‍ എങ്ങനെയിരിക്കും. അതറിയണമെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ സമാനമായ അനുഭവത്തിലൂടെ കടന്നു പോകുന്ന ഒരു യുവാവിന്റെ കിടിലന്‍ വീഡിയോകള്‍ കണ്ടാല്‍ മതിയാകും. ചിരിയുടെ മാലപ്പടക്കമാണതു തീര്‍ക്കുന്നത്. ഒരു വീഡിയോയില്‍ പറയുന്നത് ഇന്ത്യക്കാരിയായ കാമുകിയുടെ മുന്നില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങളെക്കുറിച്ചാണ്. മസാല ആന്‍ഡ് മസില്‍സ് എന്നു പേരിട്ടിരിക്കുന്ന ഇന്‍സ്റ്റ അക്കൗണ്ടിന് ലൈക്കുകളുടെ പ്രവാഹമാണ്. സ്വന്തം പേരോ മറ്റു കാര്യങ്ങളോ യുവാവ് ഒരിടത്തും പങ്കുവയ്ക്കുന്നതുമില്ല.

ഇന്ത്യക്കാരിയെ ഡേറ്റ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍ യുവാവ് വെളിപ്പെടുത്തുന്നത് ഇങ്ങനെ.
- ഒരു പുസ്തകം താഴെയിട്ടാല്‍ അത് തൊട്ട് മാപ്പ് പറയാതെ തിരിച്ചെടുത്തു വയ്ക്കരുത്. (താഴെപ്പോയ പുസ്തകം തൊട്ട് കണ്ണില്‍ വയ്ക്കുന്നതായിരിക്കും ഇവിടെ ഉദ്ദേശിക്കുന്നത്.
- പങ്കാളിയുടെ മാതാപിതാക്കളെ ഒരു കാരണവശാലും പേരു വിളിക്കരുത്. വേണമെങ്കില്‍ അങ്കിളെന്നോ ആന്റിയെന്നോ വിളിക്കാം.
- ഇടതു കൈകൊണ്ട് ഭക്ഷണം കഴിക്കരുത്
- ഒരു പരിപാടിക്കും കൃത്യ സമയത്ത് എത്തിച്ചേരരുത്.
- ഹിന്ദി പഠിക്കാനല്ലാതെ മറ്റൊന്നിനും ഫോണ്‍ കൈകൊണ്ടു തൊടരുത്.
ഏറ്റവും രസകരമായ കാര്യം ഡയലോഗെല്ലാം ഒന്നാന്തരം ഹിന്ദിയിലാണ് യുവാവ് പറയുന്നത്. വിദേശികള്‍ പറയുന്ന തരം ഹിന്ദിയല്ല, നല്ല ഒന്നാന്തരം ഹിന്ദി ഉച്ചാരണം തന്നെ. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചുള്ള യുവാവിന്റെ നിരീക്ഷണങ്ങള്‍ക്ക് ഏറെ പ്രിയമാണ് സോഷ്യല്‍ മീഡിയയില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.

