ന്യൂഡല്‍ഹി: വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യത്തിനായി മെറ്റ പ്ലാറ്റ്‌ഫോമിലെ മറ്റ് സ്ഥാപനങ്ങളുമായി പങ്കിടുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ച് ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍. നേരത്തെ ദേശീയ കോംപറ്റീഷന്‍ കമ്മീഷനായിരുന്നു (സിസിഐ) വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സിസിഐ ചുമത്തിയിരുന്ന പിഴ ട്രൈബ്യൂണല്‍ ശരിവയ്ക്കുകയും ചെയ്തു. 213.14 കോടി രൂപയായിരുന്നു പിഴ ചുമത്തിയിരുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് അഞ്ചു വര്‍ഷത്തേക്ക് വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ നിന്ന് സിസഐ മെറ്റയെ വിലക്കിയതും കനത്ത പിഴ ചുമത്തിയതും. ഇതിനെതിരേ മെറ്റ സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ട്രൈബ്യൂണല്‍ ഈ രണ്ടു നടപടികളും തുടര്‍ തീരുമാനം ഉണ്ടാകുന്നതു വരെ സ്റ്റേ ചെയ്തിരുന്നു. ഇപ്പോള്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ ചെയര്‍ പേഴ്‌സനായ ബഞ്ചാണ് മെറ്റയുടെ വിലക്ക് നീക്കിയിരിക്കുന്നത്. എന്നാല്‍ പിഴ ശരിവച്ചതോടെ അത്രയും തുകയും മെറ്റ അടയ്‌ക്കേണ്ടതായി വരും.
ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മെറ്റയുടെ ഉപ കമ്പനികളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുമായി പങ്കുവയ്ക്കുന്നതിനായി സ്വകാര്യതാ നയം 2021ല്‍ വാട്‌സാപ്പ് പുതുക്കിയിരുന്നു. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കില്ലെന്ന തീരുമാനത്തിലൂടെ വാട്‌സാപ്പ് തങ്ങളുടെ ആധിപത്യസ്ഥാനം ദുരുപയോഗം ചെയ്തുവെന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തല്‍.

