ലണ്ടന്‍: കരീബിയന്‍ തീരത്ത് കഴിഞ്ഞ മാസം അവസാന ദിനങ്ങളില്‍ രൗദ്ര മുഖം പുറത്തെടുത്ത് ജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറിയ മെലിസ എന്ന ചുഴലിക്കാറ്റ് ഇത്ര ഭീകരമായതിനു പിന്നില്‍ കാലാവസ്ഥാ പ്രതിസന്ധിയാണെന്നു പഠനം വ്യക്തമാക്കുന്നു. സമീപ കാലത്ത് ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ചുഴലിക്കാറ്റായിരുന്നു മെലിസ എന്ന് അന്നേ വ്യക്തമായിരുന്നു. കാറ്റ് മാത്രമായിരുന്നില്ല പ്രശ്‌നമായത്. കാറ്റിനു തൊട്ടു പിന്നാലെയുണ്ടായ പേമാരിയും അത്രതന്നെ കഠിനമായിരുന്നു. കാറ്റും മഴയും ഒത്തു ചേര്‍ന്നായിരുന്നു ജനജീവിതത്തെയാകെ കശക്കിയെറിഞ്ഞത്.
ഫോസില്‍ ഇന്ധനങ്ങള്‍ കത്തുന്നതു മൂലമുണ്ടാകുന്ന അമിതമായ ചൂടും തല്‍ഫലമായി താപനിലയിലുണ്ടാകുന്ന വര്‍ധനവും ചേര്‍ന്നതിന്റെ ഫലമായിരുന്നു ദുരന്തമെന്ന് അന്താരാഷ്ട്ര ശാസ്ത്ര സംഘമാണ് കണ്ടെത്തിയിരിക്കുന്നത്. കാറ്റിന്റെ പരമാവധി വേഗതയില്‍ ഏഴു ശതമാനത്തിനും മഴയുടെ പെയ്ത്തു വേഗതയില്‍ 16 ശതമാനവും വര്‍ധനയുണ്ടായതായാണ് ശാസ്ത്രസംഘം കണ്ടെത്തിയിരിക്കുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, സ്വീഡന്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, നെതര്‍ലാന്‍ഡ്‌സ്, ജമൈക്ക, ക്യൂബ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത് ഗവേഷകരുടെ കൂട്ടായ്മയായ വേള്‍ഡ് വെതര്‍ ആട്രിബ്യൂഷനാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
സാധാരണ കൊടുങ്കാറ്റായി വീശി ശമിക്കേണ്ടിയിരുന്ന കാറ്റ് കാറ്റഗറി അഞ്ചില്‍ ഒരു ചുഴലിക്കാറ്റായി മാറുകയും 185 മൈല്‍ വേഗത കൈവരിക്കുകയും ചെയ്തുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. നാലു വശവും കടലുകൊണ്ടു ചുറ്റപ്പെട്ട ജമൈക്കയില്‍ വ്യാപക നാശമാണ് ഇത്ര വേഗതയിലെത്തിയ കാറ്റ് മൂലമുണ്ടായത്.

