ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സെന്‍ട്രല്‍ പാനലിലെ മുഴുവന്‍ സീറ്റിലും ഇടതു സഖ്യത്തിന് വിജയം. എസ്എഫ്‌ഐ സ്ഥാനാര്‍ഥിയായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി വിദ്യാര്‍ഥി കെ. ഗോപിക ബാബു 1300ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ പാനലില്‍ മൂന്നു സീറ്റിലാണ് ഇടതുപക്ഷം വിജയിച്ചതെങ്കില്‍ ഇക്കൊല്ലം നാലു സീറ്റിലും വിജയിച്ചു.
ഐസയുടെ പ്രതിനിധി അദിതി മിശ്രയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചെത്തിയത്. ഇടതു സഖ്യത്തില്‍ തന്നെ മത്സരിച്ച ഡിഎസ്എഫ് പ്രതിനിധി സുനില്‍ യാദവ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും വിജയിച്ചു. ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസയുടെ പ്രതിനിധി ഡാനിഷ് അലിയാണ്.
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിനിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ ഗോപിക ബാബു. കഴിഞ്ഞ വര്‍ഷം കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ചിരുന്നു. എസ്എഫ്‌ഐയുടെ രാഷ്ട്രീയ നയങ്ങള്‍ വിദ്യാര്‍ഥി സമൂഹം ഏറ്റെടുത്തുവെന്നാണ് തന്റെ വിജയത്തിലൂടെ വ്യക്തമാകുന്നതെന്ന് ഗോപിക സ്ഥാനലബ്ധി സംബന്ധിച്ച് പ്രതികരിച്ചു.

