ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ബുധനാഴ്ച പത്രസമ്മേളനത്തില്‍ വോട്ട് മോഷണം ആരോപിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ഏറ്റവുമധികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന്റെ ഉടമ രംഗത്തെത്തി. ഹരിയാനയിലെ റായ് നിയമസഭാ മണ്ഡലത്തിലെ 10 ബൂത്തുകളില്‍ 22 വോട്ടുകള്‍ക്ക് ആധാരമായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത് ഒരേ സ്ത്രീയുടെ ചിത്രം തന്നെയാണെന്ന് രാഹുല്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. അതിനൊപ്പം യഹ് കൗന്‍ ഹേ എന്നൊരു ചോദ്യവും പുറത്തുവിട്ടിരുന്നു.
ഒരു ദിവസത്തിനു ശേഷം ആ ചിത്രത്തിന്റെ ഉടമ നേരിട്ട് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. തന്റെ പഴയകാല ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നും ആ ചിത്രം ഇന്ത്യയില്‍ തട്ടിപ്പിന് ആരോ ഉപയോഗിക്കുകയായിരുന്നെന്നും വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത് ബ്രസീലിലെ ഒരു പരസ്യ മോഡലായ ലാരിസ ആണ്. തട്ടിപ്പിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ഇപ്പോള്‍ ഇതു നോക്കി എല്ലാവരും ചിരിക്കുകയാണെന്നും സമൂഹ മാധ്യമം വഴി പുറത്തു വിട്ട വീഡിയോയില്‍ ലാരിസ പറയുന്നു. ബ്രസീലിയന്‍ ഫോട്ടോഗ്രാഫറായ മത്തേയൂസ് ഫെരേര പകര്‍ത്തിയ ഈ ചിത്രം സ്റ്റോക്ക് ഇമേജ് പ്ലാറ്റ്‌ഫോമായ അണ്‍സ്പ്‌ളാഷില്‍ 2017ലാണ് ആദ്യമായി അപ്ലോഡ് ചെയ്തത്. ഇത് ഇതുവരെ നാലുലക്ഷത്തിലേറെ തവണ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

