മുംബൈ: കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ജേതാക്കളായ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് (ആര്‍സിബി) പുതിയ ഉടമയെ തേടുന്നതായി വിശ്വാസയോഗ്യമായ വിവരങ്ങള്‍ പുറത്തു വരുന്നു. ചെറിയ തുകയ്‌ക്കൊന്നുമല്ല നിലവിലെ ഫ്രാഞ്ചൈസി ഉടമകളായ ഡീയാജിയോ ഇന്ത്യയിലെ മുന്‍നിര ടീമായ ആര്‍സിബിയെ വില്‍പനയ്ക്കു വച്ചിരിക്കുന്നത്. 200 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. ഇതിനടുത്ത തുക ലഭിച്ചാലും കച്ചവടം ഉറയ്ക്കും. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തിനു മുമ്പായി പുതിയ ഉടമകളെ കണ്ടെത്താനാണ് ഊര്‍ജിതമായ ശ്രമം.
കഴിഞ്ഞ വര്‍ഷം ആര്‍സിബിയുടെ കിരീടധാരണത്തോടനുബന്ധിച്ച് നടത്തിയ ആഹ്ലാദഘോഷത്തിലെ തിക്കിലും തിരക്കിലും പെട്ട് പതിനൊന്നു പേര്‍ മരിക്കുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവം കോടതിയുടെ കടുത്ത വിമര്‍ശനം വിളിച്ചുവരുത്തുകയും ചെയ്തിരുന്നതാണ്. ഈ സംഭവം ഡിയാജിയോയുടെ പ്രശസ്തിക്ക് മങ്ങലേല്‍പിച്ചുവെന്ന ധാരണയില്‍ വില്‍പനയ്ക്കുള്ള ശ്രമങ്ങള്‍ അന്നേ തുടങ്ങിയിരുന്നതാണ്. ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്ലി കരിയര്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയും ഫ്രാഞ്ചൈസിയുടെ ഉറക്കം കെടുത്തുന്നുണ്ട്. കോഹ്ലി പോയാല്‍ ആര്‍സിബിയുടെ ബ്രാന്‍ഡ് മൂല്യവും ഇടിയുമെന്ന കാര്യം ഉറപ്പ്.
ഐപിഎലിന്റെ തുടക്ക കാലത്ത് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുബി ഗ്രൂപ്പ് 11 കോടി ഡോളറിനാണ് ആര്‍സിബിയുടെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. അതിനു ശേഷം 2015ല്‍ കമ്പനിയില്‍ ഓഹരിയെടുത്ത് കൂടിയ ഡിയാജിയോ യുബിയുടെ തകര്‍ച്ചയോടെ ആര്‍സിബിയെ സ്വന്തമാക്കുകയായിരുന്നു. ജെഎസ്ഡബ്ല്യൂ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, രവി ജയ്പുരിയ തുടങ്ങിയവര്‍ താല്‍പര്യമെടുത്ത് മുന്‍നിരയിലുണ്ടെന്നാണ് ക്രിക്കറ്റ് ലോകത്തെ വര്‍ത്തമാനം.

