ഇന്ത്യക്കാരെ പല്ലു തേപ്പിക്കാന്‍ എത്ര നോക്കിയിട്ടും തന്ത്രമൊന്നും പതയുന്നില്ല, കോള്‍ഗേറ്റ് ഇന്ത്യയില്‍ പിന്നോട്ടടിക്കുന്നു

മുംബൈ: ബിസിനസ് മാനേജ്‌മെന്റ് ക്ലാസുകളില്‍ ആയിരം ആവര്‍ത്തി പറഞ്ഞുപോരുന്ന കഥയുടെ ചുവടുപിടിച്ച് മാര്‍ക്കറ്റിങ് തന്ത്രം മെനഞ്ഞിട്ടും ഉദ്ദേശിക്കുന്നതു പോലെ കച്ചവടം ക്ലച്ച് പിടിക്കാതെ കോള്‍ഗേറ്റ് വിയര്‍ക്കുകയാണ് ഇന്ത്യയില്‍. ഒരു നാട്ടില്‍ ആരും ഷൂസ് ധരിക്കുന്നില്ലാത്തതിനാല്‍ അവിടെ ഷൂസിനു വലിയ വിപണിയാണെന്നു കണ്ടെത്തുന്ന എക്‌സിക്യൂട്ടീവിന്റെ റോളിലായിരുന്നു ഇത്രയും നാള്‍ ഇന്ത്യയില്‍ കോള്‍ഗേറ്റിന്റെ പ്രവര്‍ത്തനം. എന്നാല്‍ കാലമേറെ ചെന്നപ്പോള്‍ വികസിച്ച വിപണിയില്‍ കളിക്കാന്‍ പലരും ഇറങ്ങിയതോടെ അടിതെറ്റുന്ന അവസ്ഥയിലാണിപ്പോള്‍ കോള്‍ഗേറ്റ് പാമൊലിവ് കമ്പനി. ഇന്ത്യന്‍ ദന്തസംരക്ഷണ വിപണി കോള്‍ഗേറ്റിനു കൈവിട്ടു പോകുകയാണ്.

കഴിഞ്ഞ വര്‍ഷം മെയ് മാസം വരെ കോള്‍ഗേറ്റ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്് ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ അമ്പതു ശതമാനത്തോളം ആളുകള്‍ പേസ്റ്റ് ഉപയോഗിക്കുന്നതേയില്ലെന്നും നഗരമേഖലയില്‍ അമ്പതു ശതമാനത്തിലധികം ആള്‍ക്കാര്‍ രാത്രി പേസ്റ്റ് ഉപയോഗിച്ച പല്ലു ബ്രഷ് ചെയ്യാറില്ലെന്നും അതിനാല്‍ വിപണി പിടിക്കാന്‍ എളുപ്പമാണെന്നുമായിരുന്നു. ഈ കണക്കു കൂട്ടലിലാണ് ദന്ത സംരക്ഷണം പ്രോത്സാഹിപ്പിക്കാന്‍ പ്രചാരണ പരിപാടികള്‍ ഒന്നിനു പിന്നാലെ ഒന്നായി കോള്‍ഗേറ്റ് ഇന്ത്യയില്‍ നടപ്പാക്കിപ്പോന്നതും. തുടക്കത്തിലൊക്കെ കാര്യങ്ങള്‍ ക്ലച്ച് പിടിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി കോള്‍ഗേറ്റിന്റെ വിപണി വിഹിതം കുറയുകയാണ്.

ടൂത്ത് പേസ്റ്റുകളുടെ മാര്‍ക്കറ്റ് സെഗ്മന്റില്‍ പുതിയ കൂട്ടുകള്‍ ഇറക്കി നോക്കിയിട്ടും ഫലമൊന്നുമില്ല. ഇന്തുപ്പ് ചേര്‍ത്ത പേസ്റ്റും കരി ചേര്‍ത്ത പേസ്റ്റും സെന്‍സിറ്റിവ് പേസ്റ്റും ഒക്കെ ചേര്‍ന്നിട്ടും കച്ചവടമുള്ളത് പഴയ വെളുത്ത ചോക്കി പേസ്റ്റിനു മാത്രമാണ്. അതിനു പോലും വിപണി വിഹിതം കുറയുകയുമാണ്. ടൂത്ത് ബ്രഷുകളുടെ സെഗ്മന്റിലാണെങ്കില്‍ ഒരിക്കലും മാര്‍ക്കറ്റ് ലീഡറാകാന്‍ സാധിക്കുന്നതേയില്ല. നേരത്തെ 58 ശതമാനം വിപണിയും കോള്‍ഗേറ്റിന്റെ നിയന്ത്രണത്തിലായിരുന്നെങ്കില്‍ ഇപ്പോഴത് 43 ശതമാനമായി താഴ്ന്നിരിക്കുകയാണ്. പോരെങ്കില്‍ അടുത്ത കാലത്തൊന്നും വിപണി തിരിച്ചു പിടിക്കാന്‍ സാധ്യതയില്ലെന്നു സമ്മതിക്കുന്നത് കമ്പനിയുടെ വിപണന വിഭാഗം മേധാവി നോയല്‍ വാലയ്‌സ് തന്നെയും.

Leave a Reply

Your email address will not be published. Required fields are marked *