പാട്‌ന: ബീഹാറിലെ ഒന്നാം ഘട്ട പോളിങ് സമാധാനപരമായി പുരോഗമിക്കുന്നു. ഉച്ചകഴിഞ്ഞപ്പോഴേക്കും അമ്പത്തേഴു ശതമാനം വോട്ടര്‍മാരാണ് വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത്. ആകെയുള്ള 243 നിയോജക മണ്ഡലങ്ങളിലെ 121 എണ്ണത്തിലേക്കാണ് ഒന്നാം ഘട്ടത്തില്‍ പോളിങ് നടക്കുന്നത്. ഭാരതീയ ജനതാ പാര്‍ട്ടിയും ജനതാ ദളും അടങ്ങുന്ന എന്‍ഡിഎയും രാഷ്ട്രീയ ജനതാദളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും അടങ്ങുന്ന മഹഘഢ്ബന്ധന്‍ സഖ്യവും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയും മത്സര രംഗത്തുണ്ട്.
രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകുന്നേരം ആറിനു സമാപിക്കും. വിവിധ ജില്ലകളില്‍ ഗോപാല്‍ ഗഞ്ജിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ് വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയത് തലസ്ഥാന നഗരമായ പാട്‌നയിലാണ്. മഹാഘഡ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂരിലും തേജസ്വിയുടെ സഹോദരനും ജനശക്തി ജനാതദളിന്റെ സ്ഥാനാര്‍ഥിയുമായ തേജ് പ്രതാപ് മത്സരിക്കുന്ന മഹുവയിലും നിലവിലുള്ള ഡെപ്യൂട്ടി മുഖ്യമന്ത്രി സമ്രാട് ചൗധരി മത്സരിക്കുന്ന താരാപ്പൂരിലും ബിജെപി നേതാവ് മൈഥിലി താക്കൂര്‍ മത്സരിക്കുന്ന അലിനഗറിലും ഇന്നാണ് പോളിങ്.

