ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ട്വന്റി 20 ഇന്ന് ഹോബര്‍ട്ടില്‍, സഞ്ജു പ്ലേയിങ് ഇലവനിലുണ്ടോയെന്ന ആശങ്ക തീരുന്നില്ല

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ നാലാം ട്വന്റി 20 പോരാട്ടം ഇന്നു ഗോള്‍ഡ് കോസ്റ്റില്‍. ഒരു ചോദ്യത്തിന് ഇനിയും ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നു, മലയാളിയായ സഞ്ജു സാംസന്‍ അകത്തോ പുറത്തോ. ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണര്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ആപല്‍ ഘട്ടങ്ങളിലെ സംരക്ഷകന്‍ എന്ന നിലയിലുമൊക്കെ പേരെടുത്ത സഞ്ജു സാംസനെ ഹോബര്‍ട്ടില്‍ ഈ മാസം രണ്ടിനു നടന്ന മൂന്നാം മാച്ചില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിന്റെ തനിയാവര്‍ത്തനമായിരിക്കുമോ ഇന്നു ഗോള്‍ഡ് കോസ്റ്റില്‍ നടക്കുകയെന്നു കണ്ടു തന്നെയറിയണം.

മെല്‍ബണില്‍ നടന്ന രണ്ടാം മാച്ചില്‍ മൂന്നാം നമ്പറില്‍ ക്രീസിലിറങ്ങി രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്തായതിനു പിന്നാലെയാണ് ഹോബര്‍ട്ടില്‍ സഞ്ജുവിന്റെ പേര് വെട്ടിയിരുന്നത്. പകരം ജിതേഷ് ശര്‍മയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിനിടെ ഖത്തറില്‍ നടക്കുന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയിട്ടുണ്ട്. ജിതേഷിനെ ക്യാപ്റ്റനായി നിശ്ചയിച്ചിട്ടുമുണ്ട്.

അഞ്ചു മത്സര പരമ്പരയ്ക്കാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്. അതില്‍ ഒരു മത്സരം മഴ മൂലം മുടങ്ങിയിരുന്നു. ശേഷിക്കുന്ന രണ്ടില്‍ ഇരു ടീമുകളും ഓരോ വിജയം വീതമെടുത്ത് സമനിലയില്‍ നില്‍ക്കുകയുമാണ്. സഞ്ജുവിനെ പുറത്തിരുത്തി ഇന്ത്യ കളിക്കാനിറങ്ങിയ മത്സരത്തിലാണ് ഏക വിജയം കൈപ്പിടിയിലൊതുക്കിയത്. അതായത് സാഹചര്യങ്ങളൊക്കെ സഞ്ജു പുറത്തിരിക്കാന്‍ തന്നെയാണ്. ഒരു വര്‍ഷം മുമ്പ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പുള്ള കളിക്കാരിലൊരാളായിരുന്നു സഞ്ജു. അഞ്ച് ഇന്നിങ്‌സിനിടെ മൂന്നു സെഞ്ചുറി നേടി ഓപ്പണര്‍ സ്ഥാനത്തു തിളങ്ങിയ ഇദ്ദേഹത്തിനു പകരം വയ്ക്കാന്‍ ഇന്ത്യയുടെ പക്കല്‍ മറ്റൊരു പേരില്ലായിരുന്നു.

എന്നാല്‍ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്‍ ട്വന്റി 20യിലേക്ക് തിരികെയെത്തിയതോടെയാണ് സഞ്ജുവിന്റെ ദുര്‍ദശ തുടങ്ങുന്നത്. ടോപ്പ് ഓര്‍ഡറില്‍ നിന്നു പുറത്തായ സഞ്ജുവിനു പകരം ലഭിച്ചത് മധ്യനിരയായിരുന്നു. മെല്‍ബണിലെത്തിയതോടെ അതും കിട്ടാതായി. ഇനി ഹോബര്‍ട്ടില്‍ എന്തു സംഭവിക്കുമെന്ന് ഇന്നു നേരം പുലരുമ്പോള്‍ അറിയാനാകും.

Leave a Reply

Your email address will not be published. Required fields are marked *