ഡോ. വിക്രം ശര്‍മയ്ക്കും ഡോ. നിഖിലേഷ് ബാപ്പുവിനും മികച്ച ശാസ്ത്രജ്ഞന്‍മാര്‍ക്കുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരം

സിഡ്‌നി: ഇന്ത്യന്‍ വംശജരായ ഡോ. വിക്രം ശര്‍മയും ഡോ. നിഖിലേഷ് ബാപ്പുവും ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞരുടെ മികവിന്റെ പട്ടികയില്‍. ഇക്കൊല്ലത്തെ ശാസ്ത്രമേഖലയിലെ വിലപ്പെട്ട സംഭാവനകള്‍ക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെ ഗണത്തില്‍ ഇവര്‍ ഇരുവരും ഉള്‍പ്പെട്ടത് ഇന്ത്യന്‍ സമൂഹത്തിനാകെ അഭിമാനമായി മാറുന്നു. ക്വാണ്ടം സൈബര്‍ ടെക്‌നോളജിയിലാണ് ഡോ. വിക്രം ശര്‍മ പുരസ്‌കാരത്തിന് അര്‍ഹനായതെങ്കില്‍ അക്‌സസിബിള്‍ മെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലാണ് ഡോ. നിഖിലേഷ് ബാപ്പുവിനെ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്.

ഓരോ വര്‍ഷവും വിവിധ ശാസ്ത്ര മേഖലകളില്‍ രാജ്യം കൈവരിക്കുന്ന വിലപ്പെട്ട സംഭാവനകള്‍ തന്നെയാണ് പുരസ്‌കാരത്തിലൂടെ ആദരിക്കപ്പെടുന്നതെന്ന് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി വ്യക്തമാക്കി. ഓസ്‌ട്രേലിയ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും കണ്ടുപിടുത്തങ്ങളുടെയും കാര്യത്തില്‍ ലോകത്തിന്റെയാകെ ഊര്‍ജ കേന്ദ്രങ്ങളിലൊന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവിടെ നടക്കുന്ന ഓരോ കണ്ടു പിടുത്തത്തിനും ആഗോളതലത്തിലുള്ള സ്വീകാര്യത ഇതിനു തെളിവാണെന്ന് ആല്‍ബനീസി പറഞ്ഞു.

ക്വിന്റസന്‍സ് ലാബിന്റെ സ്ഥാപകനും മുഖ്യ ശാസ്ത്രജ്ഞനുമാണ് ഡോ. വിക്രം ശര്‍മ. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യ ലോക സൈബര്‍ സെക്യുരിറ്റി മേഖലയില്‍ ഏറെ സ്വീകാര്യത കൈവരിച്ചുകഴിഞ്ഞതാണ്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ വെയിന്‍ടെക് ആന്‍ഡ് ലുബ്ഡുബ് എന്ന ആരോഗ്യ രക്ഷാ സംരംഭത്തിന്റെ സഹ സ്ഥാപകനാണ് ഡോ. നിഖിലേഷ് ബാപ്പു. രോഗികളുടെ ജീവന്‍ രക്ഷാ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന പ്രായോഗിക സാങ്കേതിക സംവിധാനങ്ങള്‍ രൂപപ്പെടുത്തിയതിനാണ് ഡോ. ബാപ്പു പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *