ട്രംപിനെ ‘തോല്‍പിച്ച്’ സൊഹ്‌റാന്‍ മംദാനി ന്യയോര്‍ക്ക് മേയര്‍, സോഷ്യലിസ്റ്റ് ആശയങ്ങളെ അംഗീകരിച്ച് സാധാരണ ജനങ്ങള്‍

വാഷിങ്ടന്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനും സ്റ്റേറ്റ് അസംബ്ലി അംഗവുമായ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിക്ക് വിജയം. സ്വതന്ത്രനായി മത്സരിച്ച ആന്‍ഡ്രു കുമോ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ എന്നിവരെ പിന്തള്ളിയാണ് മംദാനി വിജയിച്ചത്. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും ഉഗാണ്ടന്‍ എഴുത്തുകാരനും ഇന്ത്യന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. എണ്‍പത്തഞ്ചു ലക്ഷത്തോളം ആള്‍ക്കാരാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.

ഉഗാണ്ടയില്‍ ജനിച്ച മംദാനി ന്യൂയോര്‍ക്കിലാണ് വളര്‍ന്നത്. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിമാണ് മുപ്പത്തിനാലുകാരനായ മംദാനി. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ഇയാള്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ജീവിതച്ചെലവ് കുറച്ച് സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നു വാഗ്ദാനം നല്‍കിയാണ് പ്രചാരണം നയിച്ചത്. സര്‍ക്കാരിന്റെ സിറ്റി ബസുകളില്‍ സൗജന്യ യാത്ര, ശിശു ക്ഷേമ പദ്ധതികള്‍, ഭവന പ്രതിസന്ധിക്കു പരിഹാരം, കോര്‍പ്പറേറ്റ് നികുതികളില്‍ വര്‍ധന തുടങ്ങിയ വാഗ്ദാനങ്ങളും നല്‍കിയിരുന്നു. വോട്ടെടുപ്പിനു തൊട്ടു മുമ്പ് നടന്ന അഭിപ്രായ സര്‍വേകളിലും ഇദ്ദേഹമായിരുന്നു മുന്നിട്ടു നിന്നിരുന്നത്.

മംദാനിക്കെതിരേ കടുത്ത നിലപാടുകളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്. സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിക്കു ജയ സാധ്യത കുറവാണെന്ന വിലയിരുത്തലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ പരസ്യമായി ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. മംദാനി അനധികൃത കുടിയേറ്റക്കാരനാണെന്നും അറസ്റ്റ് ചെയ്യാന്‍ മടിക്കില്ലെന്നും ട്രംപ് പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ നിലപാടുകളെ തള്ളിയാണ് ന്യൂയോര്‍ക്ക് നഗര ജനത മംദാനിയെ വിജയിപ്പിച്ചത്. മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്കിനുള്ള ഫണ്ടുകള്‍ തടയുമെന്ന ഭീഷണിയും മുഴക്കിയിരുന്നെങ്കിലും അതെല്ലാം വെറുതെയായി.

Leave a Reply

Your email address will not be published. Required fields are marked *